ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു. പാക് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് പുനര്‍നിര്‍മാണമെന്ന് സൂചന. റെക്കോര്‍ഡ് വേഗത്തിലാണ് ഭീകര ആസ്ഥാനം പുനര്‍നിര്‍മിച്ചത്.
പാക് സൈന്യത്തിന്‍റെയും ചാര സംഘടനയായ ഐഎസ്ഐയുടെയും സാമ്പത്തിക സഹായത്തോടെയാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂരില്‍ ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചത്. 2025 മേയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ആദ്യദിനം ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത ആസ്ഥാനമാണ് പുതിയ മിനാരമടക്കം സ്ഥാപിച്ച് പുനര്‍നിര്‍മിച്ചത്. യുദ്ധവിമാനത്തില്‍നിന്നുള്ള മിസൈല്‍ പ്രയോഗിച്ചാണ് ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം ഇന്ത്യ തകര്‍ത്തത്.
Also read: ‘യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് സമയം’; അമേരിക്കയ്ക്കുമേൽ ഇറാന് മേൽക്കൈയെന്ന് പെസഷ്ക്യാൻ
2019ലെ പുല്‍വാമ ഭീകരാക്രമണമടക്കം ആസൂത്രണം ചെയ്ത ജയ്ഷെ ആസ്ഥാനം മര്‍കസ് സുബ്ഹാനല്ലാ എന്ന പേരിലാണ് അറിയപ്പെടുന്നത്. 25 കോടി പാക്കിസ്ഥാൻ രൂപ പുനര്‍നിര്‍മാണത്തിന് ചെലവായെന്നാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ലഷ്കറെ തയിബയുടെ ആസ്ഥാനമായ മുറീദ്കെയും സമീപകാലത്ത് പുനര്‍നിര്‍മിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.