genz-fathima-02
  • ജെൻസികൾ സ്വാർഥരാണെന്നും സ്വയംപര്യാപ്തരാണെന്നും ഉറപ്പിച്ചുപറഞ്ഞ് മനോരമ ന്യൂസ് കോൺക്ലേവിലെ ‘ജെൻസി സെഷൻ’.

ജെൻസികൾ സ്വാർഥരല്ലെന്നും മറിച്ച് സ്വയംപര്യാപ്തരാണെന്നും ഉറപ്പിച്ചുപറഞ്ഞ് മനോരമ ന്യൂസ് കോൺക്ലേവിലെ ‘ജെൻസി സെഷൻ’. ജെൻ സീകൾ എല്ലാവരെയും പരിഗണിക്കുന്നു. സ്വന്തം കാര്യങ്ങള്‍ക്ക് പരിഗണനയും നല്‍കുന്നു.  അവരവരെ  ബാധിക്കുന്നതോ, മാറ്റം ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളിൽ പ്രതികരിക്കാൻ ഇവർ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. അപ്പോഴും സ്വന്തം ജീവിതരീതിക്കും താൽപര്യങ്ങൾക്കും മുൻഗണന നൽകുന്നുവെന്നും ജെൻസികൾ പറയുന്നു. നടി ഗൗരി കിഷന്‍, എംഎല്‍എ ഫാത്തിമ തെഹ്ലിയ, എഐ സംരംഭകന്‍ റൗള്‍ ജോണ്‍ അജു എന്നിവരാണ് സെഷനെ സജീവമാക്കിയത്.

അപ്പോഴും അനീതിയെ അനീതിയാണെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ട്. പ്രശ്നങ്ങളിൽ യാഥാർഥ്യബോധമുള്ള പരിഹാരങ്ങൾ കയ്യിലുണ്ട്. എല്ലാറ്റിനുമുപരി, ജെൻ സീക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും സെഷനിൽ പങ്കെടുത്തവർ ഉറപ്പിച്ചുപറഞ്ഞു. എല്ലാറ്റിനും മുകളിലുള്ള ആശയം മനുഷ്യനാകണം എന്നതാകണമെന്നും ജെൻ സീകൾ പറയുന്നു. ജെൻസിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാൽ അത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ല; മറിച്ച് ഓരോ വിഷയങ്ങളെയും പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു പാർട്ടിയുടെയും സഹായമില്ലാതെ തന്നെ പ്രശ്നങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ സാധിക്കുന്നു.

സ്വന്തം കാര്യം മാത്രം നോക്കുന്നവരല്ല ജെൻ സീകളെന്നും ഒരു മന്ത്രിയെ തന്നെ താഴെയിറക്കിയ സിജെപി സമരം അതിന് ഉദാഹരണമാണെന്നും നടി ഗൗരി കിഷൻ പറഞ്ഞു. എല്ലാവരും അതിന്റെ ഭാഗമാകാൻ ശ്രമിച്ചു. സമൂഹമാധ്യമങ്ങൾ വലിയൊരു പങ്കുവഹിച്ചു. താനും അതിന്റെ ഭാഗമായെന്നും അതിൽ അഭിമാനമുണ്ടെന്നും ഗൗരി പറഞ്ഞു. Also Read: 'അനുപാതരഹിതമായ അടിയായിപ്പോയി; അങ്ങനെ അവസാനിക്കില്ല ഇടതുപക്ഷം'; തിരിച്ചുവരും; എം.എ.ബേബി

അതേസമയം, സിജെപി പ്രതിഷേധത്തെ പിന്തുണച്ചതിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ടത് നാലായിരം ഫോളോവേഴ്സിനെയാണെന്നും എന്നാൽ അതൊന്നും കാര്യമാക്കുന്നില്ലെന്നും പതിനാറുകാരൻ റൗൾ ജോൺ അജു കൂട്ടിച്ചേർത്തു. ജെൻസി എന്നാൽ ഒരുമയോടെ നിൽക്കുന്ന ഒറ്റ ശക്തിയാണെന്നും റൗൾ പറഞ്ഞു. സിജെപി പ്രതിഷേധക്കാർക്ക് പാതിരാത്രിയിൽ പോലും ഇന്ത്യയുടെ നാനാഭാഗത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്ത് നൽകിയതും റൗൾ ചൂണ്ടിക്കാട്ടി. ‘മെയ്ക് ഇന്ത്യ ബെറ്റർ’ ആണ് ജെൻസിയുടെ ലക്ഷ്യമെന്നും റൗൾ വ്യക്തമാക്കി. അനീതിക്കെതിരെ സമാധാനപരമായി പ്രതികരിക്കാനും മാറ്റങ്ങൾ കൊണ്ടുവരാനും തങ്ങളുടെ തലമുറയ്ക്ക് ചങ്കൂറ്റമുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു.

പലപ്പോഴായി അവഗണിക്കപ്പെട്ട പല വിഷയങ്ങളാണ് ജെൻസികൾ അഭിസംബോധന ചെയ്യുന്നതെന്ന് എംഎൽഎ ഫാത്തിമ തെഹ്ലിയയും വ്യക്തമാക്കി. ജെൻസികൾ സഹിക്കാൻ തയ്യാറല്ല, അഡ്ജസ്റ്റ്മെന്റുകൾക്കും തയ്യാറല്ല; അതിപ്പോൾ സർക്കാരിൽ നിന്നാണെങ്കിൽ പോലും. ബഹുമാനത്തിന് പുതിയ തലമുറ വലിയ വില കൊടുക്കുന്നുവെന്നും തെഹ്ലിയ ചൂണ്ടിക്കാട്ടി. ഒപ്പം, പ്രായം വെറും നമ്പർ മാത്രമാണെന്നും ബഹുമാനം ലഭിക്കുന്നതിന് അത് മാനദണ്ഡമാകരുതെന്നും റൗളും കൂട്ടിച്ചേർത്തു. എല്ലാ തലമുറകളും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണമെന്നും പരസ്പര ബഹുമാനമാണ് നമുക്കാവശ്യമെന്നും ജെൻസികൾ പറയുന്നു.

അതേസമയം, ജെൻസിക്കായാലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും സെഷൻ വിലയിരുത്തി. തന്റെ അഭിപ്രായത്തിൽ, ജെൻസികൾക്കിടയിൽ അച്ചടക്കത്തിന്റെ കുറവും പല കാര്യങ്ങളെയും നിസ്സാരമായി കാണുന്ന രീതിയുമുണ്ടെന്ന് ഗൗരി വ്യക്തമാക്കി. റൗളും അതിനോട് യോജിച്ചു. അതിലാണ് നമുക്ക് മാറ്റം വേണ്ടതെന്നും മൂവരും വ്യക്തമാക്കി.

ENGLISH SUMMARY:

The Gen Z Session at the Manorama News Conclave explored the values, politics and social outlook of the younger generation. Actress Gouri Kishan, MLA Fathima Thahliya and AI entrepreneur Rahul John Aju said Gen Z is willing to challenge injustice, support social causes and seek practical solutions. They stressed that their politics is issue-based rather than tied to a particular political party, while acknowledging that the generation also needs to work on discipline and responsibility.