ഓണക്കാലം. മനസു നിറയെ കേരളം മലയാളത്തോടുള്ള സ്നേഹം മനസില്‍ മാത്രമല്ല സദസിനോടു പങ്കുവച്ചുമാണ് കേന്ദ്രമന്ത്രി റാംമോഹന്‍ നായിഡു മനോരമ ന്യൂസ് കോണ്‍ക്ലേവിന് തിരി തെളിച്ചത്. ആന്ധ്ര സ്റ്റൈലിനൊപ്പം കേരള മുണ്ടും ധരിച്ച് മലയാളത്തില്‍ 'കൊച്ചിക്ക് സ്വാഗതം' പറഞ്ഞായിരുന്നു മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ഓണാശംസ പറഞ്ഞവസാനിപ്പിച്ച പ്രസംഗത്തിന് ശേഷം, ഹൈബി ഈഡന്‍ തെലുങ്കില്‍ 'സുഖമാണോ' എന്ന് ചോദിച്ചാണ് സംസാരം തുടങ്ങിയത്. Also Read : കേരള മോഡല്‍ വ്യോമയാന രംഗത്തും വരട്ടെ! 2028 ല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വിമാനം: വ്യോമയാന മന്ത്രി
സംഭാഷണത്തിലെ ആദ്യ ചോദ്യം മലയാള സിനിമ പ്രേമത്തെ പറ്റിയായിരുന്നു. മലയാളം സിനിമ തെറാപ്പിയാണെന്നും സമയം കിട്ടുമ്പോഴൊക്കെ മലയാളം സിനിമ തപ്പി കാണുമെന്നും മന്ത്രി. 'സിനിമയുടെ പേര് പറയാന് അറിയില്ല, സബ് ടൈറ്റില്‍ നോക്കി കാണും. മലയാളത്തിൽ ഒരുപാട് നല്ല സിനിമകളുണ്ട്. സിനിമയില്‍ ആദ്യ പരിഗണന മലയാളത്തിനാണ്' മന്ത്രി പറഞ്ഞു. മലയാളത്തില്‍ മന്ത്രി ലാലേട്ടന്‍ ഫാനാണ്. ഒപ്പം ഫഹദിനെയും ഇഷ്ടം. അമ്മയ്ക്ക് ദുൽഖറിനെയാണ് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണ കാര്യത്തില്‍ മീന്‍ കറിയാണ് മന്ത്രിക്ക് പ്രിയം. പലവിഭവങ്ങളുടെയും പേരറിയില്ലെങ്കിലും അപ്പ ഇഷ്ടമാണെന്നും മന്ത്രി. തേങ്ങയുടെ ആരാധകനായ മന്ത്രിക്ക് തേങ്ങയിട്ട് വിഭവങ്ങളെല്ലാം പ്രിയം. സമയമില്ലാത്തതിനാല്‍ മന്ത്രിക്ക് ഓണസദ്യ ഈ കേരള സന്ദര്‍ശനത്തില്‍ ഓണസദ്യ കഴിക്കാനാകില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. കേരളത്തിന്റെ സീപ്ലെയിന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഉടനെ കേരളത്തിലേക്ക് എത്തണമെന്ന് പറഞ്ഞാണ് ഹൈബി മന്ത്രിയെ യാത്രയാക്കിയത്.