കൊച്ചി– ലക്ഷദ്വീപ് സീപ്ലെയിന്‍ അധികം വൈകാതെ പറന്നുയരുമെന്നും അത് ഉദ്ഘാടനം ചെയ്യാന്‍ താന്‍ കേരളത്തിലേക്ക് എത്തുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു. കൊച്ചിയില്‍ മനോരമന്യൂസ് കോണ്‍ക്ലേവ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കടുത്ത അയ്യപ്പഭക്തനാണെന്നും ശബരിമല വിമാനത്താവളം തന്‍റെ സ്വപ്നമാണെന്നും മന്ത്രി പറഞ്ഞു. ഭൂമി ലഭ്യമാക്കിയാല്‍ എത്രയും വേഗം അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം വരുന്നതോടെ പ്രായമായ ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. Also Read: ‘കേരളം എഴുപതില്‍’; മനോരമ ന്യൂസ് കോണ്‍ക്ലേവിന് തുടക്കം
കേരളം ദൈവത്തിന്‍റെ സ്വന്തം നാട് മാത്രമല്ല, വ്യോമഗതാഗതത്തില്‍ രാജ്യത്തിന്‍റെ അഭിമാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമാണ് കൊച്ചിയില്‍ ഉള്ളതെന്നും അത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഉണ്ടാക്കിയതും നിലകൊള്ളുന്നതുമായ വിമാനത്താവളമാണെന്നും അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിര്‍ണായക പുരോഗതിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഉഡാന്‍ പദ്ധതി വഴി ഉണ്ടാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. സാധാരണക്കാരനെ കൂടി ഉള്‍പ്പെടുത്തിയാണ് വ്യോമയാന മേഖലയില്‍ വികസനം വന്നതെന്നും വിമാനയാത്ര സാധാരണക്കാരന് പ്രാപ്യമായ ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി രാജ്യത്ത് വരുമെന്നും 2047 ഓടെ 350 പുതിയ വിമാനത്താവളങ്ങളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
350 പുതിയ വിമാനത്താവളങ്ങള്‍ വരുന്നതോടെ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ തേടി പുറത്തേക്ക് പോകേണ്ടി വരില്ല. പൈലറ്റായും ഗ്രൗണ്ട് സ്റ്റാഫായും ടെക്നിക്കല്‍ വിഭാഗങ്ങളിലും വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ലോകോത്തര നിലവാരത്തില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ വ്യോമയാന മന്ത്രാലയം ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എഫ്ടിഒകള്‍ക്ക് ഗ്രേഡിങ് ആരംഭിച്ചുവെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് എയര്‍ ടാക്സികള്‍ വൈകാതെ സര്‍വീസ് നടത്തിത്തുടങ്ങുമെന്നും സ്റ്റാര്‍ട്ടപുകളുമായി ചേര്‍ന്ന് ഇതിനായുള്ള സത്വര നടപടികള്‍ ഡിജിസിഎ നടത്തുകയാണമെന്നും അദ്ദേഹം വെളിപ്പെടുത്തി.