conclave-inaguration-2
  • ‘കേരളം എഴുപതിൽ’ എന്ന ആശയത്തിലൂന്നി രാഷ്ട്രീയം, വ്യോമയാനം, കാലാവസ്ഥാ വ്യതിയാനം, വ്യവസായം, സംസ്കാരം, സിനിമ, പ്രതിരോധം തുടങ്ങി വിവിധ മേഖലകളെ ഒരേ വേദിയിൽ എത്തിക്കുന്നതാണ് ഇത്തവണത്തെ കോൺക്ലേവ്.

മനോരമ ന്യൂസ് കോണ്‍ക്ലേവിന് തുടക്കം. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. 70 വർഷത്തെ കേരളത്തിന്റെ ചരിത്രത്തിനൊപ്പം ഭാവി കേരളം എങ്ങനെ വേണമെന്ന ചൂടേറിയ ചർച്ചകൾക്ക്‌ കോൺക്ലേവ് വേദിയാകും

 

‘കേരളം എഴുപതിൽ’ എന്ന ആശയത്തിലൂന്നി രാഷ്ട്രീയം, വ്യോമയാനം, കാലാവസ്ഥാ വ്യതിയാനം, വ്യവസായം, സംസ്കാരം, സിനിമ, പ്രതിരോധം തുടങ്ങി വിവിധ മേഖലകളെ ഒരേ വേദിയിൽ എത്തിക്കുന്നതാണ് ഇത്തവണത്തെ കോൺക്ലേവ്. മുഖ്യമന്ത്രി വി.ഡി.സതീശൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, യുവ എം.എൽഎ ഫാത്തിമ തെഹലിയ തുടങ്ങിയവർ കേരളത്തിന്റെ മാറിയ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും നിലപാടുകളും വിശദീകരിക്കും .

 

ഇന്ത്യയുടെ ഭാവിയെ നിർണയിക്കുന്നതിൽ സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നാവികസേന മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ സംസാരിക്കും. ഇടതുരാഷ്ട്രീയത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുമായുള്ള സംവാദം. ‘കേരളം വളരാനുള്ള വഴികൾ’ തേടുന്ന സംവാദത്തിൽ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ചോയ്സ് ഗ്രൂപ്പ് സിഎംഡി ജോസ് തോമസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സിഇഒ മീന ചിദംബരം, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്‌ടർ ടോം എം. ജോസഫ് എന്നിവർ പങ്കെടുക്കും.

 

പരിസ്ഥിതിയോടും സമൂഹത്തോടും വ്യവസായ മേഖലയ്ക്കുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് സംസാരിക്കും. ഹൈബി ഈഡൻ എംപി, രമേഷ് പിഷാരടി എംഎൽഎ, ഫാത്തിമ തഹ്‌ലിയ എംഎൽഎ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, എഴുത്തുകാരൻ വിനോയ് തോമസ്, കാലാവസ്ഥ–പരിസ്ഥിതി ശാസ്ത്ര‍‍ജ്ഞരായ ഡോ.എസ്.അഭിലാഷ്, സി.കെ.വിഷ്ണുദാസ്, യുവപ്രതിഭകളായ ഗൗരി കിഷൻ, റൗൾ ജോൺ അജു എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ബോൾഗാട്ടിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് സമ്മേളനം

ENGLISH SUMMARY:

The Manorama News Conclave 2026, themed ‘Kerala at 70’, has begun in Kochi with Union Civil Aviation Minister K. Ram Mohan Naidu inaugurating the event. The conclave brings together prominent political leaders, industry experts, defence officials, environmental scientists, artists and young achievers to discuss Kerala’s past, present and future. Key topics include politics, economic growth, aviation, climate change, industry, culture, cinema, defence and the relevance of left politics.