ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിന് ജാമ്യമില്ല . കുറ്റകൃത്യത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലന്‍സ് കോടതി. ബോര്‍ഡ് മുന്‍ അംഗം അജികുമാറിന് ജാമ്യം ലഭിച്ചു.
പ്രശാന്ത്, ബോർഡ് മുൻ അംഗം എ.അജികുമാർ എന്നിവർക്ക് 2019 ൽ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണാപഹരണവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷൻ തെളിവുകൾ നിരത്തിയിരുന്നു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് സ്വർണം പൂശാനുളള അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പ്രശാന്ത് ഉൾപ്പെടെയുള്ളവരുമായി കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഫോണിൽ സംസാരിച്ചിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട കോൾ ഡീറ്റെയിൽസ് റിപ്പോർട്ട് (സിഡിആർ) കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബോർഡ് യോഗം ചേരുന്നതിനു മുൻപ് ഇവർ പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്സാപ്പിൽ ബന്ധപ്പെട്ടതിന്റെ തെളിവും ഹാജരാക്കി. അജികുമാറും പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവും നൽകിയിട്ടുണ്ട്. അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ 2 പേർക്കു വീടുവച്ചു നൽകി. വീടുകളുടെ താക്കോൽദാന ചടങ്ങിൽ അജികുമാറും പോറ്റിയും സംബന്ധിച്ചിരുന്നു.
സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇമെയിലിൽ നിന്നാണ് പോറ്റി ബോർഡിന് അപേക്ഷ നൽകിയത്. അതും അനുമതി നൽകാനുള്ള തീരുമാനമെടുക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലുമാണ്. സ്വർണം പൂശലിന്റെ 40 വർഷ വാറന്റി പോറ്റിയുടെ പേരിലാണ്. ദേവസ്വം സ്വത്തിന്റെ വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിലായതും ദുരൂഹമാണ്. ഇതു റദ്ദ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തുടർ നടപടി ഇനിയും നടത്തിയിട്ടില്ല. സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വ്യാജ കരാർ നിർമിച്ചതിലും ഇരുവരും പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.