al-faham

TOPICS COVERED

കേടായ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ ഹർജിയിലാണ് കമ്മീഷന്റെ നിർണായക ഉത്തരവ്. റാന്നി ചേത്തോങ്കരയിൽ പ്രവർത്തിക്കുന്ന 'കിങ്സ് ബിരിയാണി കഫേ' പ്രൊപ്രൈറ്റർ ആശിഷ് ജോൺ മാത്യു, മാനേജർ എന്നിവരില്‍ നിന്നുമാണ് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടത്.

​2025 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം. റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുകയും രുചിവ്യത്യാസം തോന്നി വെയിറ്ററോട് പരാതിപ്പെടുകയും ചെയ്തു. എന്നാൽ ഇത് കാര്യമാക്കാതിരുന്ന ഹോട്ടൽ അധികൃതർ 740 രൂപ ബിൽ ഈടാക്കി. ബാക്കി ഭക്ഷണം പാർസലായി വാങ്ങി മടങ്ങവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ  ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള 'സാൽമൊണെല്ല'  ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു.

​ആശുപത്രി ചെലവുകൾ ആവശ്യപ്പെട്ടിട്ടും ഹോട്ടലുടമ നല്‍കാന്‍  തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ച കമ്മീഷൻ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗമായ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ​ആശുപത്രി ചെലവ്: 36,500 രൂപയും, ​മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരമായി 50,000 രൂപയും ​കോടതി ചെലവിനായി 10,000 രൂപയും ചേര്‍ത്ത് ​30 ദിവസത്തിനകം ഈ തുക ഹർജിക്കാരിക്ക് കൈമാറണമെന്നും ഉത്തരവില്‍ ഉണ്ട്.

ENGLISH SUMMARY:

Pathanamthitta Consumer Disputes Redressal Commission has ordered a local restaurant owner to pay ninety-six thousand five hundred rupees as compensation for serving spoiled Alfaham. The complainant and her sister fell seriously ill after consuming the stale food, which was later diagnosed by medical professionals as a salmonella infection. Despite initial complaints regarding the unusual taste, restaurant staff dismissed the issue and collected the full bill amount before the customers sought hospital treatment. Consequently, the court directed the proprietors to cover medical expenses, mental agony, and legal costs within thirty days.