ബിഹാറിലെ നളന്ദയിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൗഡർ (അലക്കുപൊടി) നല്‍കിയതിനെ തുടർന്ന് 34 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആഗസ്റ്റ് 18 ചൊവ്വാഴ്ച, നളന്ദയിലെ നോർസരായ് ബ്ലോക്കിലുള്ള പരസി മിഡിൽ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
സ്കൂളിൽ വിതരണം ചെയ്ത ചോറും കറിയും കഴിച്ച കുട്ടികൾ അതിൽ ഉപ്പില്ലെന്ന് പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്കൂൾ പാചകക്കാരി ഉപ്പാണെന്ന് കരുതി അലക്കുപൊടി കുട്ടികൾക്ക് നൽകുകയായിരുന്നു. ഉപ്പും അലക്കുപൊടിയും ഒരേപോലെയുള്ള പാത്രങ്ങളിൽ അടുക്കളയിൽ അടുത്തടുത്തായി സൂക്ഷിച്ചതാണ് അബദ്ധത്തിന് കാരണമായതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം
ഭക്ഷണം കഴിച്ചയുടൻ 10-നും 15-നും ഇടയിൽ പ്രായമുള്ള 34 കുട്ടികൾക്ക് കടുത്ത വയറുവേദന, തൊണ്ട എരിച്ചിൽ, തലകറക്കം, ഛർദ്ദി, വയറ്റിളക്കം എന്നിവ അനുഭവപ്പെടുകയും ചില കുട്ടികൾ ബോധരഹിതരാവുകയും ചെയ്തു.
കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർ അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
പാചകക്കാരിക്ക് അബദ്ധം പറ്റിയതാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സമ്മതിച്ചെങ്കിലും, ഔദ്യോഗിക ലാബ് പരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ സ്ഥിരീകരണം നൽകൂ എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.