പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കാനുള്ള റയില്‍വേ ബോര്‍ഡ് തീരുമാനം എം.പിമാരെ ഇരുട്ടത്തു നിര്‍ത്തി. മംഗളുരുവിനെ മൈസുരു ഡിവിഷനിലേക്കു മാറ്റിയുള്ള ഉത്തരവിറങ്ങിയപ്പോഴാണ് വിഭജന വിവരം എം.പിമാര്‍ അറിഞ്ഞത്. ഇതോടെ തീരുമാനത്തില്‍ എതിര്‍പ്പ് രേഖപെടുത്താനുള്ള അവസരം കൂടി ഇല്ലാതായി. അതേസമയം മംഗളുരു ഇല്ലാതായതോടെ പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പും പ്രതിസന്ധിയിലാകും. ഡിവിഷന്റെ ഡിപ്പോ നഷ്ടമായി. പുതിയ ഡിപ്പോ വികസിപ്പിക്കാന്‍ കോടികള്‍ മുടക്കേണ്ടിവരും.
പാലക്കാട് റെയില്‍വെ ഡിവിഷന്‍ നിലനിർത്താൻ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് എം.കെ.രാഘവന്‍ എം.പി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. റെയില്‍വേ ഡിവിഷന്‍ വിഭജനം പിന്‍വലിക്കണണെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്നും എം.കെ. രാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു.
Also read: പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് റെയില്‍വേ; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റി
അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷന്റെ വരുമാനത്തിന് കനത്ത തിരിച്ചടിയാകും. മംഗളൂരു മേഖല ഇനി പാലക്കാടിന്റെ ഭാഗമല്ല. ഒക്ടോബർ ഒന്ന് മുതൽ മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറും. മംഗളൂരു തുറമുഖത്തെ ചരക്ക് വരുമാനം മുതൽ ട്രെയിൻ മെയിന്റനൻസ് വരെ ഇതോടെ പാലക്കാട് ഡിവിഷന് നഷ്ടമായേക്കും.
മംഗളൂരു മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിനാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള റെയിൽവേ മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന്റെ ഭാഗമാകും. മാറ്റം പാലക്കാട് ഡിവിഷന്റെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
മംഗളൂരു തുറമുഖം വഴിയുള്ള സിമന്റ്, കണ്ടെയ്നർ ഉൾപ്പെടെയുള്ള ചരക്ക് ലോഡിങ്ങാണ് പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്ന്.മേഖല നഷ്ടപ്പെടുന്നതോടെ ഗുഡ്സ് വരുമാനത്തിലും വലിയ കുറവുണ്ടായേക്കും.കാസർകോട് സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ തന്നെ തുടരുമെങ്കിലും, കാസർകോട്–മംഗളൂരു സെക്ഷൻ രണ്ട് ഡിവിഷനുകളുടെ അതിർത്തി മേഖലയായി മാറും. ഭാവിയിൽ ട്രെയിൻ സർവീസ്, സ്റ്റോപ്പ്, സമയക്രമം, പുതിയ പദ്ധതികൾ എന്നിവയിൽ ഏകോപനം കൂടുതൽ പ്രധാനമാകും.
മംഗളൂരുവിൽ നിലവിൽ മെയിന്റനൻസ് നടത്തുന്ന ട്രെയിനുകളുടെ സംവിധാനത്തിലും മാറ്റത്തിന് സാധ്യതയുണ്ട്. ഉത്തരവോടെ മാവേലി, മലബാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ മെയിന്റനൻസും പുനഃക്രമീകരിച്ചേക്കും. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ മെയിന്റനൻസ് സംവിധാനവും മാറാനുള്ള സാധ്യതയുണ്ട്.