കണ്ണൂര്‍ പാലത്തായിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട് കെ.പത്മരാജനെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിധി മരവിപ്പിച്ച് ഹൈക്കോടതി. പത്മരാജന്റെ വാദങ്ങള്‍ ഗൗരവമേറിയതെന്ന് കോടതി വിലയിരുത്തി. വിധിയില്‍ പ്രഥമദൃഷ്ട്യ പിഴവുണ്ടെന്നും അതിജീവിതയുെട മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും പത്മരാജന്റെ വാദങ്ങള്‍ ഗൗരവമേറിയതെന്നും അവ തള്ളിക്കളയാനാകില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ട് കോടതി വിലയിരുത്തി.
10 വയസ്സുകാരി വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 2020 ഏപ്രിൽ 15നാണ് പത്മരാജന്‍ അറസ്റ്റിലായത്. നാലാം ക്ലാസ് വിദ്യാർഥിനിയെ 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ വിദ്യാലയത്തിലെ ശുചിമുറിയിൽ പീഡിപ്പിച്ചെന്നാണു കേസ്. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പോക്സോ വകുപ്പ് ഒഴിവാക്കി. കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷിച്ച് പോക്സോ ചേർത്ത് കുറ്റപത്രം നൽകി.
ക്രൈംബ്രാഞ്ച് ഉൾപ്പെടെ 4 സംഘം അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തിമ കുറ്റപത്രം നൽകിയത്. ബിജെപി പ്രാദേശിക നേതാവായിരുന്ന പത്മരാജനെ തലശ്ശേരി അതിവേഗ സ്പെഷൽ കോടതി 2025 നവംബർ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. പോക്സോ നിയമത്തിലെ 2 വകുപ്പുകൾ പ്രകാരം 20 വർഷം വീതം കഠിനതടവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ജീവപര്യന്തം തടവുമാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി.ജലജാറാണി വിധിച്ചത്.
അന്നുമുതൽ പത്മരാജന്‍ സസ്പെൻഷനിലായിരുന്നു. പിന്നാലെ സ്കൂൾ മാനേജ്മെന്റ് സർവീസിൽനിന്നു പിരിച്ചുവിട്ടു . കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്നു സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണു നടപടി. 2011ൽ ആണ് പത്മരാജൻ ഇവിടെ അധ്യാപകനായി നിയമിതനായത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് പത്മരാജന്‍ കഴിയുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയാണെങ്കിൽ പൂർണ ഉത്തരവാദിത്തം എസ്ഡിപിഐക്കും മതതീവ്രവാദ സംഘടനകൾക്കും ആയിരിക്കുമെന്നും പ്രതി കോടതിമുറിയിൽ അന്ന് പറഞ്ഞു. പ്രതിയുടെ വാക്കുകൾ രേഖപ്പെടുത്തണമെന്നു പ്രതിഭാഗം അഭിഭാഷകൻ പി.പ്രേമരാജൻ ആവശ്യപ്പെട്ടു. ശിക്ഷയെ സംബന്ധിച്ച കാര്യങ്ങൾ മാത്രമേ രേഖപ്പെടുത്താനാകൂവെന്ന് കോടതി വ്യക്തമാക്കി