കൊല്ലം പൂയപ്പള്ളിയില്‍ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് അപകടം. കാറിൽ നിന്ന് മദ്യ കുപ്പികളും കണ്ടെടുത്തു.
ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. പൂയപള്ളിയിൽ നിന്ന് അമ്പലക്കുന്ന് ഭാഗത്തേക്ക് അമിത വേഗത്തിൽ എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. മൈലോട് വെച്ച് കാർ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനത്തിലും ഇടിച്ചു കയറി. അപകടത്തിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്നവർ സമീപത്തെ വയലിലേക്ക് തെറിച്ചു വീണു. പൂയപ്പള്ളി സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ രാജേന്ദ്രൻ, യാത്രക്കാരായ മറിയാമ്മ, മകൾ റൂബി എന്നിവർക്കും ഇരുചക്രവാഹനത്തിലുണ്ടായിരുന്ന അൻസാർ, റാഫി എന്നിവർക്കുമാണ് പരുക്കേറ്റത്. ഇതിൽ മറിയാമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കിളികൊല്ലൂർ സ്വദേശി അഭിജിത്ത് ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ സീറ്റിൽ മദ്യ കുപ്പികളും കണ്ടെത്തി. വാഹനം അമിത വേഗതയിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.