• ഇന്ന് ഓരോ മഴക്കാലത്തെയും വലിയ ആശങ്കയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്. കാരണം, ഒരു ദിവസം പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്യുന്നു. രണ്ട് മാസത്തെ മഴ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്നു.

ഇന്ന് ഓരോ മഴക്കാലത്തെയും വലിയ ആശങ്കയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്. കാരണം, ഒരു ദിവസം പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്യുന്നു. രണ്ട് മാസത്തെ മഴ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്നു. മാറുന്ന മഴയുടെ പാറ്റേൺ കേരളത്തിന് മുന്നിൽ ഉയർത്തുന്നത് വലിയ ആശങ്കകളാണ്. അതിതീവ്ര മഴയും മേഘവിസ്ഫോടനസമാനമായ പ്രതിഭാസങ്ങളും ആവർത്തിക്കുമ്പോൾ, ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ കൂടുതൽ സംവിധാനങ്ങൾ വേണമെന്നും മുന്നറിയിപ്പുകൾ കൃത്യസമയത്ത് ജനങ്ങളിലെത്തണമെന്നും വിദഗ്ധർ പറയുന്നു. Also Read: പിആര്‍ സ്റ്റണ്ടല്ല! സിജെപി സമരത്തില്‍ പങ്കെടുത്തതില്‍ അഭിമാനം: ഗൗരി കിഷന്‍


സംസ്ഥാനത്തെ മഴയുടെ പാറ്റേണിൽ വലിയ അസ്ഥിരതയാണ് പ്രകടമാകുന്നതെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിന്റെ മേധാവി ഡോ. എസ്. അഭിലാഷ് മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു. രണ്ട് മാസം കൊണ്ട് ലഭിക്കേണ്ട മഴ അഞ്ച് ദിവസം കൊണ്ടോ, ഒരു ദിവസം ലഭിക്കേണ്ട 300 മില്ലിമീറ്റർ മഴ വെറും ആറ് മണക്കൂർ കൊണ്ടോ പെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. മഴ ലഭിക്കുന്ന ദിവസങ്ങളും അവയ്ക്കിടയിലെ ഇടവേളകളും കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന മേഘങ്ങളുടെ കട്ടി കൂടുകയാണ്. മുൻപ് മൺസൂൺ സമയത്ത് ആറ് കിലോമീറ്റർ വരെ ഉയരമുണ്ടായിരുന്ന മേഘങ്ങൾ ഇപ്പോൾ എട്ട് മുതൽ പത്ത് കിലോമീറ്റർ വരെ ഉയരത്തിലേക്ക് വളരുന്നു. ഇവ കരയിലേക്ക് വരുമ്പോഴാണ് അതിതീവ്ര മഴയുണ്ടാകുന്നത്. ഹിമാലയൻ മേഖലകളിൽ 14–15 കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾ 100 ചതുരശ്ര കിലോമീറ്റർ പരിധിയിൽ പെയ്യുന്ന പരമ്പരാഗത മേഘവിസ്ഫോടനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ പ്രദേശത്ത് പത്ത് കിലോമീറ്റർ ഉയരമുള്ള മേഘങ്ങൾ 1000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ പെയ്യുന്ന പ്രതിഭാസത്തെ ‘ലഘു മേഘവിസ്ഫോടനം’ എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, പ്രളയമുണ്ടാകുമ്പോൾ വെള്ളം ഒഴുക്കിക്കളയുന്നതിനെക്കുറിച്ച് മാത്രമല്ല, ഈ വെള്ളം എങ്ങനെ സംഭരിക്കാം എന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശക്തമായ ‘ഏർലി വാണിങ് സിസ്റ്റം’ ആവശ്യമാണെന്ന് ഇക്കോളജിസ്റ്റ് സി. കെ. വിഷ്ണുദാസ് ചൂണ്ടിക്കാട്ടുന്നു. 2018-ലെ ഉരുൾപൊട്ടലിന് ശേഷം വയനാട് പോലുള്ള പ്രദേശങ്ങളിൽ ആരംഭിച്ച ‘കമ്മ്യൂണിറ്റി ബേസ്ഡ് വെതർ മോണിറ്ററിങ് സിസ്റ്റം’ വഴി ജനങ്ങൾ തന്നെ ദിവസവും മഴ അളന്ന് വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറുന്നു. ഇത് ജനങ്ങൾക്ക് എപ്പോൾ മാറിത്താമസിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് നൽകുന്നു. മാത്രമല്ല, താഴ്‌വരകളിലുള്ളവരുടെ സുരക്ഷ മലകളുടെ സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ മികച്ച ലാൻഡ്‌സ്‌ലൈഡ് മോണിറ്ററിങ് സിസ്റ്റവും, ഉരുൾപൊട്ടലുണ്ടായാൽ മണ്ണ് എത്ര ദൂരത്തേക്ക് ഒഴുകുമെന്ന് പ്രവചിക്കുന്ന ‘റൺഔട്ട് മോഡലുകളും’ ആവശ്യമാണ്. ദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ സ്കൂളുകളിലേക്കോ സർക്കാർ ഓഫീസുകളിലേക്കോ ആളുകളെ മാറ്റുന്നതിന് പകരം, ജനങ്ങൾക്ക് പെട്ടെന്ന് മാറിത്താമസിക്കാൻ പ്രത്യേക ഷെൽട്ടറുകൾ നിർമ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നറിയിപ്പുകൾ കൃത്യസമയത്ത് ജനങ്ങളിലെത്തുന്നതിലെ പോരായ്മകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. 2024-ൽ വയനാട്ടിൽ നൽകിയ റെഡ്/ഓറഞ്ച് അലേർട്ടുകളിൽ 16–17 ശതമാനം മാത്രമാണ് കൃത്യമായിരുന്നത്. ഇത് ജനങ്ങളിൽ മുന്നറിയിപ്പുകളോടുള്ള വിശ്വാസ്യത കുറയ്ക്കുന്നു. മുന്നറിയിപ്പുകൾ കൂടുതൽ കൃത്യതയുള്ളതാക്കാൻ വിവിധ മോഡലുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ‘ഇന്റഗ്രേറ്റഡ് ഫോർകാസ്റ്റിങ് സിസ്റ്റം’ കേരളത്തിൽ ആവശ്യമാണെന്ന് വിഷ്ണുദാസ് പറയുന്നു.

കാലാവസ്ഥാ പ്രവചനങ്ങൾക്ക് 70 ശതമാനം വരെ കൃത്യതയുണ്ടാകാം. എന്നാൽ ഈ വിവരങ്ങൾ യഥാസമയം ജനങ്ങളിലെത്തിച്ചില്ലെങ്കിൽ പ്രവചനങ്ങളുടെ മൂല്യം നഷ്ടപ്പെടും. 2017-ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് കൃത്യമായ വിവരങ്ങൾ മത്സ്യത്തൊഴിലാളികളിലേക്ക് എത്താതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്ന് ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നിർദേശങ്ങളുണ്ടായി. ഓരോ പഞ്ചായത്തിലും ‘ലോക്കൽ ആക്ഷൻ പ്ലാൻ ഫോർ ക്ലൈമറ്റ് ചേഞ്ച്’ രൂപീകരിക്കണം. നിലവിലെ റവന്യൂ അതിർത്തികൾക്ക് പകരം പ്രകൃതിദത്ത അതിർത്തികൾ കേന്ദ്രീകരിച്ച് പഞ്ചായത്തുകളെ പുനഃസംഘടിപ്പിക്കുന്നത് കൂടുതൽ ഫലപ്രദമാകും. മണ്ണെടുപ്പിനും പാറപൊട്ടിക്കലിനും അനുമതി നൽകാൻ മാത്രമല്ല, ഭൂമിയുടെ ദുർബലത പഠിച്ച് അത് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാനും ജിയോളജിസ്റ്റുകളുടെ സേവനം ആവശ്യമാണ്. അതോടൊപ്പം, കാലാവസ്ഥാ തീരുമാനങ്ങളിൽ സഹായിക്കാൻ മെറ്റീരിയോളജിസ്റ്റുകളുടെ സേവനവും ഉറപ്പാക്കണമെന്നും വിഷ്ണുദാസ് പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് മുൻപുണ്ടായിരുന്ന അധികാരങ്ങൾ കളക്ടർമാർക്ക് തിരികെ നൽകിയ സർക്കാർ ഉത്തരവ് പോസിറ്റീവായ കാര്യമാണെന്ന് അഭിലാഷ് അഭിപ്രായപ്പെട്ടു. പ്രാദേശിക ജനവിഭാഗങ്ങളെക്കൂടി ദുരന്തനിവാരണ പ്രക്രിയയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ റഡാർ ശൃംഖലകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് വിഷ്ണുദാസ് വ്യക്തമാക്കി. വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം ഒരു ഡ്യുവൽ റഡാർ സ്ഥാപിച്ചെങ്കിലും, പെട്ടെന്നുണ്ടാകുന്ന മേഘരൂപീകരണങ്ങൾ കൃത്യമായി കണ്ടെത്താൻ കൂടുതൽ റഡാറുകൾ ആവശ്യമാണ്. റഡാർ ശൃംഖല വിപുലീകരിക്കുന്നതിലൂടെ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ മുൻപെങ്കിലും ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കും.

ENGLISH SUMMARY:

Experts at the Manorama News Conclave warned that Kerala’s changing rainfall patterns are increasing the risk of extreme weather and landslides. Dr. S. Abhilash and ecologist C.K. Vishnudas called for stronger early warning systems, expanded radar networks, community-based weather monitoring, landslide runout models and dedicated emergency shelters. They stressed that disaster management must go beyond evacuation and involve local communities, scientists and government agencies working together.