തൊടുപുഴയില്‍ മകന്‍ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫ് ആണ് കൊല്ലപ്പെട്ടത്. 63 വയസ്സായിരുന്നു. സംഭവത്തില്‍ റേച്ചലിന്‍റെ മകന്‍ ലിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. വീടിന്റെ പുറകുവശത്ത് തല പൊട്ടി ചോരവാര്‍ന്നൊലിക്കുന്ന നിലയിലാണ് റേച്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തിനിടയില്‍ ഉണ്ടായ പ്രകോപനത്തിലാകാം ലിജോ അമ്മ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് റേച്ചലിന്‍റെ മരണത്തിലേക്ക് നയിച്ചത്. അമ്മയെ കൊന്നശേഷം ലിജോ ഓടി രക്ഷപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് പ്രതിയെ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ലിജോ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
റേച്ചല്‍ അടുത്തുള്ള വീടുകളില്‍ ജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. ലിജോയ്ക്ക് മാനസീക പ്രശ്നങ്ങളുണ്ടെന്നും മദ്യപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ച് സ്ഥിരമായി ഇയാള്‍ പരിസര പ്രദേശത്ത് വഴക്കുണ്ടാക്കുമായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തും സമാനരീതിയില്‍ കൊലപാതകം നടന്നിരുന്നു. ലഹരിക്കടിമയായ മകന്‍ അജീഷ് മാതാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നു. പാറത്തറയില്‍ ആന്റണി, ഭാര്യ വത്സമ്മ എന്നിവരെയാണ് അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.