കണ്ണൂർ കൊട്ടിയൂരിൽ സ്വർണ്ണം പൊട്ടിക്കൽ മാതൃകയിൽ കാർ ആക്രമിച്ച് കവർച്ചാ ശ്രമം. കർണാടക രജിസ്ട്രേഷൻ കാർ ആണ് ഇന്നലെ രാത്രി 9 മണിക്ക് കൊട്ടിയൂർ ടൗണിലെ സമാന്തര റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ആക്രമിക്കപ്പെട്ടത്. സാധനങ്ങൾ വലിച്ചുവാരി പുറത്തേക്ക് ഇടുകയും സീറ്റുകൾ കുത്തിക്കീറുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ പിടിച്ചുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. വയനാട് മീനങ്ങാടിയിൽ നിന്ന് തട്ടിയെടുത്ത കാറാണ് കൊട്ടിയൂരിൽ ആക്രമിക്കപ്പെട്ടത് എന്നാണ് നിഗമനം.
സിനിമാ സ്റ്റൈൽ രംഗങ്ങളാണ് ആണ് കൊട്ടിയൂരിൽ അരങ്ങേറിയത്. കർണാടക രജിസ്ട്രേഷനുള്ള ഇന്നോവ കാറിന് പുറകെ എത്തിയതായിരുന്നു മറ്റു രണ്ടു കാറുകൾ. കേരള കർണാടക രജിസ്ട്രേഷൻ ഉള്ളവയായിരുന്നു ഇവ രണ്ടും . വീട് നിർമ്മാണത്തിന് നിരപ്പാക്കിയിട്ട സ്ഥലത്താണ് നാടകീയ സംഭവങ്ങൾ. മൂന്ന് കാറുകളിലായി 10 പേരുണ്ടായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി കൂടിയതോടെ അക്രമികൾ പെട്ടെന്ന് സ്ഥലം വിട്ടു. ചിലർ തൊട്ടടുത്തുള്ള ബാവലി പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു . ഇതിൽ രണ്ടുപേരെ നാട്ടുകാർ പിടിച്ചു വച്ചു. സംഘത്തിൽ കർണാടക സ്വദേശികളും മലയാളികളും ഉണ്ട്.
ഇന്നലെ വൈകിട്ട് വയനാട് മീനങ്ങാടിയിൽ നിന്ന് തട്ടിയെടുക്കപ്പെട്ട കാറാണ് കൊട്ടിയൂരിൽ വച്ച് ആക്രമിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. കോഴിക്കോട് കൊടുവള്ളി സ്വദേശി ജാഫറിനെ മുളക് സ്പ്രേ അടിച്ച് കാറും പണവും കവർന്നതായി മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കർണാടകയിൽ നിന്ന് കൊടുവള്ളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഈ സംഭവം. 21000 രൂപ നഷ്ടപ്പെട്ടതായാണ് ജാഫറിന്റെ പരാതി. തട്ടിയെടുത്ത കാർ കൊട്ടിയൂരിൽ എത്തിച്ച് പണം തിരയുകയായിരുന്നു പ്രതികളുടെ ലക്ഷ്യം എന്നാണ് കരുതുന്നത്. സംഭവത്തിൽ കേളകം പേരാവൂർ മീനങ്ങാടി പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.