കാറില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത് രണ്ടാഴ്ച മുമ്പാണ്. യുവതിയെ തട്ടിക്കൊണ്ടുപോയത് തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍നിന്നാണെന്ന് പൊലീസ് യുവതിയുടെ മൊഴിയെടുത്തപ്പോള്‍ വ്യക്തമായി. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

ഭര്‍ത്താവും കാമുകിയും ലോഡ്ജില്‍

തിരുപ്പൂര്‍ സ്വദേശികളാണ് ഗുണശേഖരനും ഭാര്യ ദേവിയും. 27കാരിയായ ദേവി തയ്യല്‍ക്കാരിയാണ്. ഗുണശേഖരന് നിലമ്പൂര്‍ സ്വദേശിനിയായ 38കാരിയുമായി അടുപ്പമുണ്ടായിരുന്നു. ഗുണശേഖരനും കാമുകിയും തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ 22ന് മുറിയെടുത്തു. ലോഡ്ജില്‍ നല്‍കാന്‍ പണം തികയാതെ വന്നപ്പോള്‍ ഗുണശേഖരന്‍ സുഹൃത്ത് പല്‍രാജിന് ലോഡ്ജിന്റെ ക്യുആര്‍ കോഡ് അയച്ചുകൊടുത്തു.

ഒട്ടേറെ സ്ത്രീകളുമായി ബന്ധമുള്ള ഗുണശേഖരനോട് നേരത്തെ പല്‍രാജിന് അസൂയയുണ്ടായിരുന്നു. പണം നല്‍കാന്‍ നിര്‍ദേശിച്ച വിവരം പല്‍രാജ് ഗുണശേഖരന്റെ ഭാര്യയെ ഉടന്‍ അറിയിച്ചു. ഗുണശേഖരന്‍ കാമുകിയുമായി തൃശൂരിലെ ലോഡ്ജിലുണ്ടെന്നായിരുന്നു പല്‍രാജിന്റെ സന്ദേശം.

ഭാര്യ തുനിഞ്ഞിറങ്ങി; സുഹൃത്തുക്കളുടെ സഹായം തേടി

തമിഴ്നാട് പൊലീസില്‍ ചേര്‍ന്ന് പരിശീലനം തുടങ്ങി പാതിവഴിയില്‍ നിര്‍ത്തിപ്പോന്നയാളാണ് തിരുപ്പൂര്‍ സ്വദേശിയായ തോമസ്. ഗുണശേഖരന്റെ ഭാര്യ ദേവിയും തോമസും നല്ല സുഹൃത്തുക്കളാണ്. തുടര്‍ന്ന് രണ്ട് കാറുകളിലായി ദേവിയും തോമസും പല്‍രാജും സുഹൃത്തുക്കളായ ശങ്കറും രഘുപതിയും തൃശൂരിലെത്തി.

പൊലീസ് പരിശീലനകാലത്തെ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി ലോഡ്ജ് ജീവനക്കാരെ വിശ്വസിപ്പിച്ച തോമസും സംഘവും ഗുണശേഖരനെയും കാമുകിയെയും ക്രൂരമായി മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും കെട്ടിയിട്ട് രണ്ട് കാറുകളിലായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

കാറിലിട്ട് കൂട്ടബലാത്സംഗം

ഗുണശേഖരനെയും കാമുകിയെയും ഇവര്‍ രണ്ട് കാറുകളിലായാണ് കയറ്റിയത്. ഒരു കാറില്‍ ഗുണശേഖരനും ഭാര്യ ദേവിയും. രണ്ടാമത്തെ കാറില്‍ ഗുണശേഖരന്റെ കാമുകിക്കൊപ്പം തോമസും സംഘവും കയറി. കാറില്‍വച്ച് തോമസും സംഘവും ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് അവശയായ യുവതിയെ വഴിയിലിറക്കിവിട്ടു. യുവതി ഇപ്പോള്‍ ചികിത്സയിലാണ്.

ഗുണശേഖരനും കാര്യമായി മര്‍ദനമേറ്റു. ഭാര്യ ദേവിയാണ് ഗുണശേഖരനെ കൂടുതല്‍ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. ഗുണശേഖരനും തോമസും പല്‍രാജും പരസ്പരം അറിയുന്നവരാണ്. ഗുണശേഖരന്റെ സ്ത്രീബന്ധങ്ങളോടുള്ള അസൂയയാണ് പല്‍രാജിനെ വിവരം ഒറ്റിക്കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

ദേവിക്ക് പുറമേ തിരുപ്പൂര്‍ സ്വദേശിയായ തോമസ്, കോയമ്പത്തൂര്‍ സ്വദേശികളായ പല്‍രാജ്, ശങ്കര്‍, പളനി സ്വദേശി രഘുപതി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിടികൂടിയത് തൃശൂര്‍ സിറ്റി പൊലീസ്

കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.സി.പി. ടി.ആര്‍. രാജേഷ്, വെസ്റ്റ് എസ്.ഐ. ആദര്‍ശ്, എസ്.ഐമാരായ ദുര്‍ഗാലക്ഷ്മി, ഷെല്ലര്‍, സമിത, സി.പി.ഒ. ഷനോജ്, സി.പി.ഒമാരായ ഹരീഷ്, ദീപക്, മനീഷ്, അജീഷ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തമിഴ്നാട്ടില്‍നിന്ന് പിടികൂടിയത്.

ENGLISH SUMMARY:

A 38-year-old woman from Nilambur was abducted and gang-raped by a group led by her lover's wife, Devi, after the couple was tracked down at a Thrissur lodge. Devi discovered the affair through a mutual friend, Palraj, and orchestrated a retaliatory kidnapping with accomplices, including a former police trainee named Thomas. The victim was brutally assaulted and gang-raped inside a moving car while being transported to Tamil Nadu. Following a complaint and a special investigation by the Thrissur City Police, four suspects have been arrested from Tamil Nadu.