ഭർത്താവിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) ഭാര്യ ഷേർലി കുര്യൻ (71) ആണ് മരിച്ചത്. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം വസതിയിൽ പൂർത്തിയായി മൃതദേഹം പള്ളിയിലേക്ക് എടുക്കാൻ തിരിഞ്ഞപ്പോള്‍ ഷേർലി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15ന് ഉച്ചയോടെയാണ് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായ കുര്യൻ ജോസഫ് അന്തരിച്ചത്. പാലായിലെ ആദ്യകാല വ്യാപാരിയുമായിരുന്നു. ഇന്നലെ രാവിലെ 11 ഓടെ പാലാ പുത്തൻപള്ളിക്കുന്നിലെ വസതിയിൽ വച്ച് വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയായി. കുര്യൻ ജോസഫിന്റെ സംസ്കാരം പള്ളിയിൽ നടന്നുകൊണ്ടിരിക്കെയാണ് ഷേർലിയുടെ മരണവിവരവുമെത്തുന്നത്. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണ് പരേതയായ ഷേർലി.
ഷേർളിയുടെ മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിച്ചു. ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കല്ലറയിൽ ഇരുവരെയും മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്കരിച്ചു. എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ് മക്കള്‍. ലിയോ മൈക്കിൾ പറമുണ്ടയിൽ (മേതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോന മാത്യു കൊട്ടാരത്തിൽ (മുട്ടുചിറ) എന്നിവര്‍ മരുമക്കളാണ്.