Untitled design - 1

ഡി.ജി.പിയെ ഗവർണർ വിളിച്ചുവരുത്തിയ നടപടിയിൽ ശക്തമായ വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻ സർക്കാരിന്റെ കാലത്തും ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവർണർ വിളിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഗവർണറുടെ വാഹനം എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 2024ലും ഡി.ജി.പിയെ വിളിച്ചുവരുത്തിയിരുന്നു. 2018ൽ ഗവർണറായിരുന്ന പി. സദാശിവവും ഡി.ജി.പിയെ വിളിച്ചുവരുത്തിയിട്ടുണ്ട്. 2023ൽ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരുന്നു. അതുകൊണ്ട് ഇപ്പോൾ മാത്രമാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വാർത്താ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതിൽ ഒരുതരത്തിലുള്ള ഇടപെടലും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഇന്ത്യയിൽ എല്ലായിടത്തും നടക്കുന്ന നടപടിയുടെ ഭാഗമായാണ് ഇതെന്നും മെറ്റ ഒരു വാർത്താ ചാനലിന് നൽകിയ വിശദീകരണത്തിൽ ‘ലീഗൽ റിക്വയർമ​െന്റ്’ എന്നാണ് വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത് സർക്കാർ നിയമപരമായി ആവശ്യപ്പെട്ടതാണെന്നല്ല. മെറ്റയുടെ നിയമപരമായ നടപടിക്രമത്തെക്കുറിച്ചാണ് അവർ വ്യക്തമാക്കിയത്. ബാക്കിയുള്ളതെല്ലാം ഓരോരുത്തരുടെയും വ്യാഖ്യാനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷയിൽ കമ്പനി ഖേദം അറിയിച്ചതായി മറുപടി ലഭിച്ചെന്ന ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചു. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം സർക്കാരിനെ അറിയിക്കാത്തതിൽ കമ്പനി ഖേദം അറിയിച്ച് കത്ത് നൽകിയിട്ടുണ്ട്. സെബിക്ക് കത്ത് നൽകുന്നതിന് മുമ്പ് സർക്കാരിനെ വിവരം അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ദേശീയപാത നിർമാണം വേഗത്തിലാക്കാൻ സെക്ടർ തിരിച്ച് ചർച്ചകൾ തുടരും. നിർമാണം മന്ദഗതിയിലുള്ള ഭാഗങ്ങളുടെ കണക്കെടുത്തിട്ടുണ്ടെന്നും അവയുടെ പ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

റോഡ് അടക്കമുള്ള വിഴിഞ്ഞം അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ ഭൂമി ഏറ്റെടുക്കലിന് സമയപരിധി നിശ്ചയിച്ച് നടപടികൾ പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കലിനായി 3,600 കോടി രൂപ നൽകും. റെയിൽ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടും ചർച്ചകൾ നടത്തി. കേന്ദ്രസർക്കാരിലെ മൂന്ന് വകുപ്പുകളുമായി ചർച്ച നടത്തിയെന്നും പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മിഷൻ സമുദ്രയ്ക്കും തുടക്കമായതായി മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യം കാരണമാണ് കേന്ദ്രമന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും ഇതിന് വന്ദേമാതരം വിവാദവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കായികവകുപ്പ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലെ പരിശോധന പൂർത്തിയായി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തീരുമാനമുണ്ടാകും. എന്ത് നടപടി സ്വീകരിക്കണമെന്നത് തീരുമാനിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറും. ജി.എസ്.ടി. തട്ടിപ്പ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇത് എൽ.ഡി.എഫ്. സർക്കാർ കണ്ടെത്തിയതാണ്. പിന്നീട് ഇതിൽ നടപടി മരവിപ്പിച്ചു. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും. സർക്കാരിന് 22 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പാണ് ഇത്തരത്തിൽ പറയുന്ന ആത്മഹത്യ നടന്നത്.

 

സർക്കാർ മാറുമ്പോൾ സ്ഥലംമാറ്റം നടക്കുന്നത് ആദ്യമായല്ല. മുൻ സർക്കാരിന്റെ കാലത്തും വ്യാപകമായി രാഷ്ട്രീയ സ്ഥലംമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോർപ്പറേഷൻ ബോർഡ് അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് വൈകിയിട്ടില്ലെന്നും ഘടകകക്ഷികളുമായി ആലോചിച്ചായിരിക്കും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം കഴിയുന്നതോടെ പട്ടിക തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

എം.ഡി.എം.എ. കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ പലകുറി കണ്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

പല ആളുകളും വന്ന് കണ്ടിട്ടുണ്ടാകാം. അത്തരത്തിലുള്ള പരിചയപ്പെടലുകൾ ഉണ്ടായിരിക്കാം. എന്നാൽ ബന്ധപ്പെട്ട വ്യക്തിയെ പരിചയപ്പെട്ടത് നവകേരള യാത്രയിലെ മർദനത്തിന് പിന്നാലെയാണെന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

Messi name fraud in Kerala has led to a 22 crore loss for the government in GST, prompting an immediate investigation. This probe will also look into the previous freezing of a related investigation.