Untitled design - 1

TOPICS COVERED

ആലപ്പുഴ കരുവാറ്റയിൽ മധ്യവയസ്കനെ ക്രൂരമായി കൊന്നതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പതിമൂന്നുകാരിയായ കൊച്ചുമകളുടെ ക്വട്ടേഷനാണ് ക്രൂരകൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊച്ചുമകളുടെ കാമുകനും സുഹൃത്തുംചേര്‍ന്നാണ് കൃത്യം നടത്തിയത്. മുത്തച്ഛന്‍ മോശമായി പെരുമാറിയെന്നും കൊച്ചുമകള്‍ പറഞ്ഞെന്നും ഇതിലുള്ള വൈരാഗ്യവും കൊലയ്ക്ക് കാരണമായെന്നും ആലപ്പുഴ എസ്.പി.  ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.

 

പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മൊഴിയില്‍ പൊരുത്തക്കേട് കണ്ടതോടെ കൂടുതല്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ചിത്രം തെളിഞ്ഞത്. കൊല നടത്തിയത് കൊച്ചുമകളുടെ കാമുകനും സുഹൃത്തും ചേര്‍ന്നാണെന്ന് സമ്മതിച്ചു. സ്വര്‍ണവും പണവും കവരുകയായിരുന്നു പ്രധാന ഉദ്ദേശ്യം. പണയം വച്ച സ്വര്‍ണം പൊലീസ് കണ്ടെടുത്തു. മുത്തച്ഛന്‍ മോശമായി പെരുമാറിയെന്നും കൊച്ചുമകള്‍ പറഞ്ഞു. ഇതിലുള്ള വൈരാഗ്യവും കൊലയ്ക്ക് കാരണമായി . പതിനാറും പതിനേഴും വയസുള്ള കുട്ടികളാണ് പ്രതികള്‍. കൊച്ചുമകള്‍ക്ക് 13 വയസാണ് പ്രായം. കുട്ടിയുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടെന്നും മുന്‍പ് കുട്ടിയെ കാണാതായെന്ന് പരാതികളുണ്ടായിരുന്നതായും എസ്പി വിശദീകരിച്ചു. കൊലപാതകത്തിന് സിനിമയുടെ സ്വാധീനവും കാരണമായി. മുളകുപൊടി വിതറിയതും കെട്ടിയിട്ടതും സിനിമയുടെ സ്വാധീനത്താലായിരുന്നു,. വെന്റിലേറ്ററില്‍ കൂടി കടക്കാന്‍ കഴിയുക ചെറിയ ആള്‍ക്ക് മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി. 

 

Also read: മുത്തച്ഛനെ കൊല്ലാൻ 13കാരിയുടെ ക്വട്ടേഷൻ; കൃത്യം നടത്തി കൗമാര കൊലയാളി സംഘം

 

കൊച്ചുമകൾ അടക്കം നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാല് പ്രതികളും പ്രായപൂർത്തി ആകാത്തവരാണ്. കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ച കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അവസാനമായി അയൽവാസികൾ വീടിന് പുറത്തു കണ്ടത്. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തു. 

 

പൊലീസ് നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു. മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. കൊലപാതകം നടക്കുമ്പോൾ വാടകവീട്ടിൽ ശിവൻ‍കുട്ടി മാത്രമാണുണ്ടായിരുന്നത്.

ENGLISH SUMMARY:

Alappuzha murder mystery reveals a shocking plot where a granddaughter allegedly hired her boyfriend and friend to kill her grandfather, fueled by a dispute and greed for gold. The police investigation, initiated from the girl's statement, unraveled the crime influenced by films and a desire for quick riches.