ഐഫോണും ബൈക്കും വാങ്ങുക എന്ന ലക്ഷ്യത്തോടെ മുത്തച്ഛനെ കൊന്നത് 13 കാരിയായ കൊച്ചുമകളും കൂട്ടുകാരും. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിലാണ് കൊല്ലപ്പെട്ട ശിവൻകുട്ടി താമസിച്ചിരുന്നത്. കൊല്ലം പരവൂർ സ്വദേശികളായ ഇവർ രണ്ടുവർഷം മുൻപാണ് കരുവാറ്റയിൽ എത്തിയത്. കൊല്ലപ്പെട്ട ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശിവൻകുട്ടിയുടെ മകള്‍ ശ്രീകല ഗർഭിണിയായിരുന്നു. ഇതിന്‍റെ ഭാഗമായി മകളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂട്ടിരിക്കാനായി ഭാര്യയും പോയി. ഈ സമയം ചെറുമകൾ അവരുടെ സുഹൃത്തിന്‍റെ വീട്ടിലായിരുന്നു. വീട്ടിൽ ആളൊഴിഞ്ഞ സമയം നോക്കി പെൺകുട്ടി ക്വട്ടേഷൻ നൽകുകയായിരുന്നു.
ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടവരാണ് കൊലനടത്തിയ പരവൂർ സ്വദേശികൾ എന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ കൊല നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ കൊലപാതകം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ വിഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായും പൊലീസ് പറയുന്നു. കൈകാലുകള്‍ കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം.
‘നന്നായഭിനയിച്ചും പെൺകുട്ടി’
കുട്ടി ട്യൂഷൻ കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരുന്നു. ഇക്കാര്യം കുട്ടി ആശുപത്രിയിലുള്ള അമ്മൂമ്മയെ വിളിച്ചു പറഞ്ഞു. അമ്മ കൂട്ടുകാരിയുടെ വീട്ടിലേക്കു പോകാൻ നിർദേശിച്ചു. രാവിലെ എത്തിയപ്പോഴും വീടു തുറന്നിട്ടില്ല. ഇതോടെ കുട്ടി സമീപവാസികളെ വിവരം അറിയിച്ചു. പരിശോധനയില്‍ അടുക്കളവാതില്‍ തുറന്നു കിടക്കുന്നതായി കണ്ടെത്തി. ഈ വഴി അകത്തു കടന്നു പരിശോധിച്ചപ്പോഴാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ മൃതദേഹം ഡൈനിങ് ഹാളില്‍ കിടക്കുന്നത് കണ്ടത്.
സ്ഥലത്തെത്തിയ പൊലീസ് രാത്രി മുഴുവൻ വിവരങ്ങൾ ചോദിച്ചിട്ടും കുട്ടിയിൽ നിന്ന് കൃത്യമായൊരു വിവരം കിട്ടിയില്ല. സംശയം തോന്നിയ പൊലീസ് ഫോൺ പരിശോധിച്ചു. അപ്പോഴാണ് കാര്യങ്ങൾ പൊലീസിന് ബോധ്യപ്പെട്ടത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊലനടത്തിയവരെയും പൊക്കി.
പ്രൊഫഷണൽ രീതിയിലാണ് കുട്ടി ക്രിമിനലുകൾ കൊലപാതകം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ വീടിന്‍റെ ശൗചാലയത്തിന്‍റെ വെന്‍റി ലേഷൻ വഴി അകത്ത് കയറി, കൃത്യം നടത്താൻ പൊതുവഴിയിലൂടെ വരികയോ പോവുകയോ ചെയ്തില്ല, സ്ഥലത്ത് മുളകുപൊടി വിതറി. ഇതെല്ലാം പ്രതികളുടെ പ്രൊഫഷണല്‍ സ്കില്‍ വെളിവാക്കുന്നു.