കോതമംഗലം മാർ അത്തനാഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിംഗിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നാം വർഷ ബി.ടെക് വിദ്യാഥിയും അരുണാചൽ പ്രദേശ് സ്വദേശിയുമായ മിചി മാർപ്പുവിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും. കുടുംബത്തിന്റെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി കോതമംഗലം മാർ അത്തനേഷ്യസ് കോളജുമായി ചേർന്ന് നടത്തിയ അടിയന്തര ഇടപെടലിലാണ് നടപടി. കോളജിന്റെ പൂര്‍ണചെലവില്‍ മാർപ്പുവിന്റെ ഭൗതികശരീരം ജന്മനാട്ടിൽ എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഇതിനോടകം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ വേഗത്തിൽ പൂർത്തിയായത്.
ഇന്ന് വൈകിട്ട് 6 മണിക്ക് കൊച്ചിയിൽ നിന്നും ഇന്റിഗോ വിമാനമാർഗം ഭൗതികശരീരം ഡൽഹിയിൽ എത്തിക്കും. തുടർന്ന് തുടർന്ന് നാളെ കണക്റ്റിംഗ് ഇന്റിഗോ വിമാനത്തിൽ വൈകുന്നേരം 3.30-ന് ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളത്തിലാകും ഭൗതികശരീരം എത്തിക്കുക. വിമാനത്താവളത്തിൽ ഭൗതികശരീരം ഏറ്റുവാങ്ങുന്നതിനായി മൊബൈൽ ഫ്രീസർ അടക്കം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലൻസ് ഒരുക്കണമെന്നും, അവിടെനിന്ന് ലോവർ സുബൻസിരി ജില്ലയിലെ സിറോയിലുള്ള കുടുംബവീട്ടിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും സംസ്ഥാന സർക്കാർ അരുണാചൽ പ്രദേശ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ അരുണാചൽ പ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ച മിച്ചി മാർപ്പുവിന്‍റെ കുടുംബത്തെ സന്ദർശിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.