തമിഴ്നാട്ടിലെ തേനിയില്‍ നിന്നും എരുമേലി വരെയുള്ള റെയില്‍ പാതയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സര്‍വേ അനുമതി നല്‍കിയതോടെ അങ്കമാലിയില്‍ നിന്ന് എരുമേലി വരെയുള്ള ശബരി റെയില്‍പാത പദ്ധതിയില്‍ വീണ്ടും അശങ്ക ഉയരുകയാണ്. പദ്ധതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ പണം വകയിരുത്തിയിരുന്നു . പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാളിതുവരെയായി ഭൂമി എറ്റെടുക്കലിനായുള്ള റവന്യൂ നടപടികള്‍ ആരംഭിച്ചിട്ടില്ല. സര്‍വേ നടപടികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെ ആളുകളുടെ ദുരിതവും തുടരുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനകാലത്ത് 1900 കോടി രൂപ സംസ്ഥാനത്തിന്‍റെ വിഹിതമായി കിഫ്ബി വഴി വകയിരുത്തിയതോടെ അങ്കമാലി –ശബരി റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍വെച്ചത്. എറണാകുളം ,ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നു പോകുന്ന പദ്ധതിക്കായി 303 ഹെക്ട്ര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പദ്ധതിക്കായി റവന്യൂ ഓഫീസുകള്‍ തുടങ്ങുന്നതും തഹസീല്‍ദാര്‍മാരുടെ നിയമനവും യു.ഡി.എഫ് സര്‍ക്കാരിന്‍റെ മേശപ്പുറത്തിരിക്കുകയാണ്. ഇതിനിടെ ശബരിമല തീര്‍ഥാടനത്തിനായി ലക്ഷ്യമിട്ട് തേനിയില്‍ നിന്ന് എരുമേലിക്കുള്ള റെയില്‍വേ പാതയുടെ സര്‍വേ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് അങ്കമാലി–എരുമേലി ശബരിപാതയുടെ കാര്യത്തില്‍ആശങ്കയേറ്റുന്നുണ്ട്. തേനി –എരുമേലി പാത കേരളത്തിന് ഗുണം ചെയ്യില്ലെന്നും ശബരി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി വേഗത്തിലാക്കണമെന്നുമാണ് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ ആവശ്യം.