പഞ്ചസാരയും ഉപ്പും പൂരിത കൊഴുപ്പും ഉയർന്ന അളവിൽ അടങ്ങിയ പാക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മുൻവശത്ത് വ്യക്തമായ മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിഷയത്തിൽ തീരുമാനം എടുക്കാൻ സർക്കാർ മടിക്കുന്നതെന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ തന്നെ ഇത് ചെയ്യുമോ, അതോ ഞങ്ങൾ ഉത്തരവിറക്കേണ്ടി വരുമോ എന്നും സുപ്രീം കോടതി ആരാഞ്ഞു.

ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം. വിഷയം പൗരന്മാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ, ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ കോർപ്പറേറ്റുകളുടെ സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങൾ വൈകിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

'കോർപ്പറേറ്റുകളുടെ സമ്മർദത്തിലാണോ സർക്കാർ?'

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മുൻവശത്ത് ചുവപ്പ് മുന്നറിയിപ്പ് ലേബലുകൾ നൽകുന്നതിനെ ഭക്ഷ്യ വ്യവസായം എതിർക്കുന്നുവെന്നാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI) കോടതിയെ അറിയിച്ചത്. എന്നാൽ ഉപഭോക്തൃ സംഘടനകളുടെയും ആരോഗ്യവിദഗ്ധരുടെയും അഭിപ്രായങ്ങൾ അവഗണിച്ചാണ് ഈ നിലപാടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ ബ്രിജേന്ദർ ചഹാറിനോട് കോടതി കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചത്. "വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയാണോ?" എന്നും കോടതി ചോദിച്ചു.

'ഉപഭോക്താവിന് അറിയാനുള്ള അവകാശമുണ്ട്'

മുന്നറിയിപ്പ് ലേബലുകളുടെ ലക്ഷ്യം ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുകയല്ലെന്നും, മറിച്ച് ഉപഭോക്താവ് എന്താണ് കഴിക്കുന്നതെന്ന് വ്യക്തമായി അറിയിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. നിർമാതാക്കൾക്ക് ഇത് ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഉപഭോക്താക്കൾക്ക് അവർ എന്താണ് വാങ്ങുന്നതെന്ന് അറിയാനുള്ള അവകാശമുണ്ട്. മുന്നറിയിപ്പ് കണ്ടിട്ടും ഉൽപ്പന്നം വാങ്ങണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ തീരുമാനമാണെന്നും കോടതി പറഞ്ഞു.

കേന്ദ്രത്തിന്‍റെ വാദവും കോടതിയുടെ മറുപടിയും

പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങളിലും ഉപ്പും പഞ്ചസാരയും കൊഴുപ്പും കൂടുതലായി കാണപ്പെടുന്നതിനാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അതേപടി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. വികസിത രാജ്യങ്ങൾ പാലിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതി, ഇന്ത്യ ഒരു അവികസിത രാജ്യമായി തുടരണമോ എന്നും ആരാഞ്ഞു. രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ, ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ആത്മാർഥതയുണ്ടോ എന്നും കോടതി ചോദിച്ചു.

മുന്നറിയിപ്പ് ലേബലിങ് സംബന്ധിച്ച കോടതി നിർദേശങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. അതിനുള്ളിൽ വ്യക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി തന്നെ ഉത്തരവിറക്കുമെന്ന ശക്തമായ മുന്നറിയിപ്പും ബെഞ്ച് നൽകി.

Supreme Court Slams Government Over Food Warning Labels:

Supreme Court criticizes the central government and FSSAI for delaying the mandatory front-of-pack warning labels on packaged foods high in sugar, salt, and saturated fats. The court questioned the government's hesitation and whether it was succumbing to corporate pressure, emphasizing consumers' right to know what they are eating, especially for the health of children