പ്രതീകാത്മക ചിത്രം

  • 45,000 കോടി രൂപയാണ് ഇ–ചലാനുകളുടെ ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കിട്ടാനുള്ളത്. ഇതില്‍ 25,000 കോടി മാത്രമാണ് ഇതുവരെ ഈടാക്കാനായത്

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക അടയ്ക്കാത്തവര്‍ക്ക് അത് ഇലക്ട്രിസിറ്റി ബില്ലില്‍ ചേര്‍ത്ത് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം. പണമടയ്ക്കാതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താന്‍ നടപടി വേണമെന്നും ആ പണം ഈടാക്കാനുള്ള നടപടി വേണമെന്നും ജസ്റ്റിസ് ജെ.ബി.പര്‍ദിവാലയാണ് നിര്‍ദേശിച്ചത്. 'ആളുകള്‍ ട്രാഫിക് ചലാനുകള്‍ അടയ്ക്കുന്നില്ലെങ്കില്‍ അവരുടെ വൈദ്യുതി ബില്ലില്‍ ചേര്‍ത്ത് നല്‍കൂ. അവരെന്തായാലും വൈദ്യുതി ബില്ലടയ്ക്കും. അല്ലെങ്കില്‍ കറന്‍റ് കട്ടാകുമല്ലോ. അതേക്കുറിച്ച് ഗൗരവമായി ആലോചിക്കൂ. വഴിയുണ്ടാക്കണം'- സുപ്രീംകോടതി പറഞ്ഞു.  Also Read: യു.പി.ഐ. ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തിയ തീരുമാനത്തിന് സ്റ്റേയില്ല

45,000 കോടി രൂപയാണ് ഇ–ചലാനുകളുടെ ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കിട്ടാനുള്ളത്. ഇതില്‍ 25,000 കോടി മാത്രമാണ് ഇതുവരെ ഈടാക്കാനായത്. പൊലീസുകാര്‍ ലക്ഷക്കണക്കിന് ഇ–ചലാനുകള്‍ നല്‍കുന്നുണ്ടാകുമെന്നും പക്ഷേ ഈ പിഴത്തുക യഥാക്രമം ഈടാക്കുന്നുവോ എന്നതിലാണ് കാര്യമെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. 

പിഴത്തുക അടയ്ക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ റജിസ്ട്രേഷന്‍ പുതുക്കുന്നത് തടയണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ പിഴ അടച്ചതിന് ശേഷം മാത്രമേ നല്‍കാവൂവെന്നും പിഴ അടച്ചാലല്ലാതെ വാഹനത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറാന്‍ കഴിയാത്ത രീതി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തടയല്‍, പരിവാഹന്‍ പോര്‍ട്ടല്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് തടയല്‍ എന്നീ നടപടികളും പിഴയൊടുക്കാത്ത വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതും പരീക്ഷിക്കാമെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം മേല്‍പ്പറഞ്ഞതെല്ലാം നിര്‍ദേശങ്ങള്‍ മാത്രമാണെന്നും നടപ്പിലാക്കാനുള്ള ഉത്തരവല്ലെന്നും കോടതി വ്യക്തമാക്കി. 

ENGLISH SUMMARY:

The Supreme Court of India suggested linking unpaid traffic e-challan fines with electricity bills to ensure recovery from defaulting vehicle owners. A bench led by Justice J.B. Pardiwala remarked that integrating traffic fines with power utility bills would compel payments, as non-payment risks electricity disconnection. Out of ₹45,000 crore generated through e-challans across states and Union Territories, only ₹25,000 crore has been collected so far. The apex court clarified that these observations are suggestions to improve compliance and recommended additional enforcement measures, such as withholding fitness certificates, blocking driving license renewals via the Parivahan portal, restricting vehicle ownership transfers, and blacklisting defaulting vehicles.