ആറുമാസമായി ഉപയോഗിക്കാത്ത റേഷന്‍കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് നാളെ മുതല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കില്ല. വ്യാജ കാര്‍ഡുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നീക്കം.

കഴിഞ്ഞ ആറുമാസം തുടര്‍ച്ചയായി റേഷന്‍ കടകളില്‍നിന്നോ ന്യായവില ഷോപ്പുകളില്‍ നിന്നോ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുകളാണ് മരവിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒരുകോടി 58 ലക്ഷം കാര്‍ഡുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. 

നാളെ മുതല്‍ ഈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങാന്‍ സാധിക്കില്ല. അതേസമയം മൂന്നുമാസത്തിനുള്ളില്‍ ഇ– കെ.വൈ.സി പൂര്‍ത്തിയാക്കി കാര്‍ഡ് പുനസ്ഥാപിക്കാം. ഒക്ടോബര്‍ ഒന്നുമുതല്‍ ജനുവരി ഒന്നുവരെയാണ് ഇ– കെ.വൈ.സി. പൂര്‍ത്തിയാക്കാനുള്ള സമയം. അതിനു ശേഷവും വെരിഫിക്കേഷന്‍ നടത്താത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കും. ഭക്ഷ്യധാന്യങ്ങളുടെ ചോര്‍ച്ച തടയുകയും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന്  കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 ഇരട്ട കാര്‍ഡുകള്‍, വ്യാജ കാര്‍ഡുകള്‍, മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും കാര്‍ഡുകള്‍ എന്നിവ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. അതേസമയം കാര്‍ഡ് റദ്ദാക്കിയ ശേഷം ഇ– കെ.വൈ.സി പൂര്‍ത്തിയാക്കാന്‍ പറയുന്നത് ശരിയല്ലെന്ന ആക്ഷേപം ഉയര്‍ന്നു. പഞ്ചായത്ത് തലത്തില്‍ സമിതികളെ നിയോഗിച്ച് പരിശോധന നടത്തുകയാണ് വേണ്ടതെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ENGLISH SUMMARY:

Inactive ration cards will be frozen by the central government, meaning those holding these cards will be unable to purchase rations from tomorrow. This initiative aims to eliminate ghost ration cards and ensure that benefits reach genuine beneficiaries.