യാത്രയ്ക്ക് മുൻപ് ടിപ്പ് നൽകുന്നത് ഒഴിവാക്കണമെന്ന് റാപ്പിഡോ, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പുകൾക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. വാഹന ബുക്കിങ് വേളയിൽ ടിപ്പ് നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും ടിപ്പ് നൽകിയാൽ വാഹനം വേഗത്തിൽ ലഭിക്കുമെന്ന തരത്തിലുള്ള പ്രേരണകൾ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി ടിപ്പ് നൽകിയാൽ വേഗത്തിൽ ഡ്രൈവർമാരെ ലഭിക്കുമെന്ന സന്ദേശങ്ങൾ ആപ്പുകളിൽ കാണിക്കാറുണ്ട്. മുപ്പതും നാൽപതും അമ്പതുമൊക്കെയായുള്ള ഈ തുക തിരഞ്ഞെടുക്കുമ്പോൾ വാഹനം വേഗത്തിൽ ലഭിക്കുമെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.
ടിപ്പ് എന്നത് ഉപഭോക്താവ് സ്വന്തം ഇഷ്ടപ്രകാരം നൽകേണ്ട ഒന്നാണെന്നും, യാത്ര പൂർത്തിയായതിനുശേഷം സേവനത്തിൽ സംതൃപ്തി ഉണ്ടെങ്കിൽ മാത്രം നൽകേണ്ടതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. അതിനാൽ, ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭിക്കുമെന്ന് തോന്നിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ഓപ്ഷനുകളും ആപ്പുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ഊബർ, ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.