kerala-finance-department-investigates-gst-evasion-probe-sabotage-lionel-messi-visit
  • മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ലഭിച്ച പരാതികളും, മാധ്യമങ്ങളില്‍ വന്ന നികുതി വെട്ടിപ്പ് വാര്‍ത്തകളുമെല്ലാം അന്വേഷിക്കാനാണ് ജി.എസ്.ടിയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്

മെസിയെ കൊണ്ട് വരുന്നതിനുള്ള സാമ്പത്തിക ഇടപാടുകളില്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേകസംഘം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ നികുതി വെട്ടിപ്പുകള്‍ പരിശോധിക്കാനായി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിപുലമായ അധികാരങ്ങളാണ് എസ്.ഐ.ടിക്ക് നല്‍കിയിരിക്കുന്നത്. 

 

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ലഭിച്ച പരാതികളും, മാധ്യമങ്ങളില്‍ വന്ന നികുതി വെട്ടിപ്പ് വാര്‍ത്തകളുമെല്ലാം അന്വേഷിക്കാനാണ് ജി.എസ്.ടിയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. സംഘം ആദ്യം അന്വേഷിക്കുന്ന കേസുകളിലൊന്നായിരിക്കും കേരളത്തിലേക്ക് മെസിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് ആരോപണം. 

 

മെസിയെയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ 126 കോടി രൂപ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസറ്റിങ് കമ്പനിയുടെ അവകാശവാദം. ഈ ഇടപാടില്‍ 22.68 കോടി രൂപ സര്‍ക്കാരിന് ജി.എസ്.ടിയായി നല്‍കേണ്ടതാണ്. അതുണ്ടായില്ലെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ജി.എസ്.ടി വകുപ്പ് കണ്ടെത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. സ്പോണ്‍സറെ സംരക്ഷിക്കാന്‍  രാഷ്ട്രീയ–ഭരണ–ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇടപെടലുകള്‍ എസ്.ഐ.ടി പരിശോധിക്കും. 

 

കേസ് നേരത്തെ കൈകാര്യം ചെയ്ത കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജന്‍സ് ഓഫീസറുടെ മൊഴി എടുത്തായിരിക്കും എസ്.ഐ.ടി അന്വേഷണം തുടങ്ങുക. സ്പോണ്‍സറെ ഉള്‍പ്പെടേ സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.  ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ബ്രിജേഷ് സിയാണ് എസ്.ഐ.ടിയെ നയിക്കുക. ഒരു സ്റ്റേറ്റ് ടാക്സ് ഓഫീസറും മൂന്ന് അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസറും അടങ്ങുന്നതാണ് സംഘം. 

 

അന്വേഷണത്തിന്‍റെ ഭാഗമായി ഫയലുകള്‍, അക്കൗണ്ടുകള്‍, ഇ–വേ ബില്ലുകള്‍, നികുതി റിട്ടേണ്‍സ്, ബാങ്ക് സ്റ്റേറ്റ്മെന്‍റ്സ് തുടങ്ങിയ രേഖകളെല്ലാം പരിശോധിക്കാനുള്ള വിപുലമായ അധികാരമാണ് എസ്.ഐ.ടിക്ക് നല്‍കിയിരിക്കുന്നത്. യുദ്ധകാലടിസ്ഥാനത്തില്‍ അന്വഷണം പൂര്‍ത്തിയാക്കി ജി.എസ്.ടി കമ്മീഷണര്‍ വഴി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ENGLISH SUMMARY:

The Kerala government has constituted a five-member Special Investigation Team (SIT) to probe allegations that sponsor Reporter Broadcasting Company evaded GST in financial transactions related to bringing Lionel Messi to Kerala. The government has issued an order forming the special team to investigate tax evasion cases reported during the previous government's tenure. The SIT has been given extensive powers to conduct the investigation. The five-member team, comprising senior GST officials, has been formed to investigate complaints received directly by the Chief Minister's Office as well as reports of tax evasion published in the media. The alleged tax evasion related to bringing Messi and the Argentina football team to Kerala is expected to be among the first cases investigated by the SIT.