കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിനെതിരെ നിരന്തരസമരം ചെയ്ത യുഡിഎഫ്, അധികാരത്തില്‍ എത്തിയപ്പോള്‍ ആ സമരചരിത്രമെല്ലാം മറന്നമട്ടാണ്. സമരവും ഭരണവും രണ്ടാണെന്നാണ് ഗതാഗതമന്ത്രിയുടെ അഭിപ്രായം. ടെര്‍മിനല്‍ പൊളിച്ചുനീക്കണമെന്ന് പറഞ്ഞ കെ. ജയന്ത് എംഎല്‍എക്കും ഇപ്പോള്‍ ഇതിനെക്കുറിച്ച് മിണ്ടാട്ടമില്ല.
കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തിയ ഗതാഗത മന്ത്രിക്ക് രണ്ട് മാസം മുമ്പുണ്ടായ സീലിങ് അടര്‍ന്നുവീണതടക്കമുള്ള പ്രശ്നങ്ങള്‍ കെ.ജയന്ത് എംഎല്‍എ വിശദീകരിച്ച് നല്‍കി. 75 കോടി രൂപ ചിലവില്‍ നിര്‍മിച്ച ടെര്‍മിനല്‍ നിലവില്‍ ചോര്‍ന്നൊലിക്കുകയാണ്. ബലക്ഷയം കാരണം അറ്റകുറ്റപ്പണി നടത്തണമെന്ന് മദ്രാസ് ഐഐടി നിര്‍ദേശിക്കുമ്പോഴും സര്‍ക്കാരും കെടിഡിഎഫ്സിയും കെട്ടിടം പാട്ടത്തിനെടുത്ത ആലിഫ് ബില്‍ഡേഴ്സും തമ്മിലുള്ള നിയമയുദ്ധം മുറുകുകയാണ്. ഈ ഘട്ടത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് കണ്ണില്‍പൊടിയിടാനാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ ശ്രമം. ബലക്ഷയം വന്ന ടെര്‍മിനലിനെതിരെ യുഡിഎഫിന്‍റെ നിരന്തര സമരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ. ഇനി പുതിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും സര്‍ക്കാരിന്‍റെ തുടര്‍നടപടി. അപ്പോഴേയ്ക്കും അടുത്ത അഞ്ച് വര്‍ഷം കഴിയുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.