കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ലാൻ്റ് റവന്യൂ തഹസിൽദാർ പിടിയിലായതിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വിജിലൻസ് അന്വേഷണം. കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥരും ഏജൻ്റുമാരുമടങ്ങുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന നിർണായക വിവരം വിജിലൻസിന് ലഭിച്ചു. അറസ്സിലായ തഹസിൽദാർ ജോസഫ് ആൻ്റണിക്കെതിരെ വ്യാജ പട്ടയമുണ്ടാക്കിയതിന് കമ്മീഷൻ വാങ്ങിയതിൽ നേരത്തെയും കേസുണ്ട്.
കൊച്ചി എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കണയന്നൂർ ലാൻ്റ് റവന്യൂ തഹസിൽദാർ ജോസഫ് ആൻ്റണി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് ഏജൻ്റുമാർ മുഖേന കൈക്കൂലി ആവശ്യപ്പെട്ടത്. ജോസഫ് ആന്റണിയെയും, ഏജൻ്റുമാരെയും പ്രാഥമികമായി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചത്. കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥരും ഏജൻ്റുമാരുമടങ്ങുന്ന വൻ റാക്കറ്റാണ് പ്രവർത്തിക്കുന്നത്.
മുൻപും റാക്കറ്റ് പലരിൽ നിന്നും പണം തട്ടിയിട്ടുണ്ട്. പലരുടേയും റവന്യൂ വിവരങ്ങൾ ഉദ്യോഗസ്‌ഥർ ഏജൻ്റുമാർക്ക് ചോർത്തി നൽകിയതായി കണ്ടെത്തി. ഇവരിലേക്കും അന്വേഷണമെത്തും. അറസ്റ്റിലായ ജോസഫ് ആൻ്റണിയുടെ സ്വത്തുക്കളിലും വിശദ പരിശോധന നടത്തും. എറണാകുളം വില്ലേജ് ഓഫീസറായിരിക്കെ വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടിയെടുത്തതിൽ കമ്മീഷൻ കൈപ്പറ്റിയെന്ന് ഇയാൾക്കെതിരെ നേരത്തെ കേസുണ്ട്. അതായത്, ഈ പണി ഇയാൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് വിവരം. ഇയാൾ ഭാഗമായ ഭൂമി ഇപാടുകൾ പരിശോധിക്കാനും വിജിലൻസ് നീക്കമാരംഭിച്ചു.