ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കുള്‍പ്പെടെ സംശയിച്ച് ഉന്നത അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് ദേവസ്വം മന്ത്രിയുടെ കത്ത്. കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരന് ടെണ്ടര്‍ കിട്ടിയതും, അരവണ നിര്‍മാണത്തിന് സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് മതിയാവുമെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും മില്‍മ നെയ്യ് വാങ്ങാന്‍ ബോധപൂര്‍വം തിടുക്കം കാട്ടിയതും അന്വേഷിക്കണം. ദേവസ്വം സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും അനുബന്ധ വിവരങ്ങളുമാണ് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കെ.മുരളീധരന്‍ കൈമാറിയ കത്തിലുള്ളത്.
ദേവസ്വം ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരന്‍ ഏത് വിധേനയാണ് സന്നിധാനത്തേക്കുള്ള മില്‍മയുടെ നെയ്യ് വിതരണ ടെണ്ടര്‍ നേടിയത്. ദേവസ്വം വിജിലന്‍സിന്‍റെ പരിശോധനയുണ്ടായില്ലേ. ശബരിമലയിലേക്ക് സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് തന്നെ അരവണ നിര്‍മാണത്തിന് മതിയാകുമെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും ആര്‍ക്കായിരുന്നു മില്‍മയുടെ നെയ്യ് വാങ്ങാനുള്ള തിടുക്കം. മില്‍മയുടെ പേരില്‍ ഒന്നര ലക്ഷത്തിലേറെ ലീറ്റര്‍ നെയ്യ് സന്നിധാനത്തേക്ക് എത്തിയപ്പോള്‍ ആറ് ലോഡ് സാംപിള്‍ മാത്രമാണ് ഫുഡ് സേഫ്റ്റി പരിശോധിച്ചത്. പമ്പയില്‍ പരിശോധന ഒഴിവാക്കി സന്നിധാനത്തേക്ക് ലോഡുകള്‍ കടത്തിവിട്ടത് ആരുടെ ഉപദേശപ്രകാരം.
പത്തൊന്‍പതാനിയിരത്തി എണ്ണൂറ് ലീറ്റര്‍ നെയ്യ് മാത്രം സംഭരണശേഷിയുള്ള സന്നിധാനത്തെ ഗോഡൗണില്‍ ഒരേസമയം ഒന്നരലക്ഷം ലീറ്റര്‍ നെയ്യ് സൂക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ആരാണ്. മില്‍മയുടെ നെയ്യ് കണക്കില്‍ മാത്രമായിരുന്നോ. ഈ സംശയങ്ങള്‍ക്കെല്ലാം പരിഹാരം വേണം. കരാറുകാരന്‍ മാത്രം വിചാരിച്ചാല്‍ ശബരിമലയിലേക്ക് മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് എത്തില്ലെന്ന് ഉറപ്പിക്കുകയാണ് ദേവസ്വം മന്ത്രി.
ഈ സാഹചര്യത്തിലാണ് നിലവിലെ വിജിലന്‍സ് അന്വേഷണത്തിനപ്പുറം മറ്റൊരു ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം. ദേവസ്വം സെക്രട്ടറിയുടെയും ദേവസ്വം വിജിലന്‍സിന്‍റെയും അന്വേഷണ റിപ്പോര്‍ട്ടിലെ സംശയങ്ങളാണ് പ്രധാനമായും ആഭ്യന്തര മന്ത്രിക്ക് നല്‍കിയുള്ള കത്തിലുള്ളത്. മില്‍മ നെയ്യ് വരവില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കൂടി പരിശോധിക്കണമെന്ന ദേവസ്വം ബോര്‍ഡ് നിര്‍ദേശപ്രകാരം ദേവസ്വം വിജിലന്‍സും ക്രമക്കേടിന്‍റെ വ്യാപ്തി തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ്.