ഭാര്യ പ്രസവിച്ച് ആശുപത്രിയില്‍ കഴിയവേ, പുറത്ത് വാഹനത്തില്‍ വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ടാക്സി ഡ്രൈവറായിരുന്ന കുറ്റ്യാടി കായക്കൊടി സ്വദേശി വിനുവാണ് (27) മരിച്ചത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഹൃദഘാതമാകാനാണ് സാധ്യതയെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പൊലീസ് ഭാഷ്യം.
കുടുംബത്തേയും നാടിനേയുമാകെ സങ്കടത്തിലാഴ്ത്തിയാണ് വിനു യാത്രയായത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ വിനു പ്രസാദിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ആയിരുന്നു. രാത്രി ഭാര്യക്കൊപ്പം അമ്മയെ നിര്‍ത്തിയ ശേഷമാണ് വിനു ഉറങ്ങാന്‍ പോയത്.
ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സുഹൃത്തിന്‍റെ ജീപ്പിലാണ് ഉറങ്ങിയത്. പുലര്‍ച്ചെ വിനുവിനെ കാണാതെ അമ്മ അന്വേഷിച്ചപ്പോള്‍ ജീപ്പിനുള്ളില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അടുത്തെത്തി വിളിച്ചിട്ടും അനക്കമുണ്ടായില്ല. അമ്മുടെ ശബ്ദം കേട്ട് അടുത്തുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.