കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായി പത്താം ദിനം സംയുക്ത തിരച്ചിൽ തുടങ്ങി. നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തുന്ന തിരച്ചിലില്‍ നേവിയുടെ സ്കൂബാ ടീമും ഉണ്ട് . ഹെലികോപ്റ്റർ നിരീക്ഷണ പറത്തൽ നടത്തും
തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഷിജിനായുള്ള സ്‌കൂബാ സംഘത്തിന്റെ പരിശോധന തുടരുന്നു. സ്‌കൂബ അംഗങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം അംഗീകരിച്ചു. ശക്തമായ അടിയൊഴുക്കുള്ളതിനാൽ പൊഴിമുഖത്ത് പരിശോധിക്കാൻ പ്രയാസമെന്നാണ് സംഘത്തിന്റെ വിശദീകരണം. പരിശോധനയിൽ തൃപ്‌തിയുണ്ടെന്നും നേവിയുടെ സഹായം കൂടി തേടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് ഷിജിന്റെ ബന്ധുക്കൾ. വിഴിഞ്ഞത്ത് നിന്നും കാണാതായ ജോൺ മത്യാസിനായി കോസ്‌റ്റ് ഗാർഡും, കോസ്റ്റൽ പൊലീസുമാണ് ഉൾക്കടലിൽ തെരയുന്നത്.
കനത്ത പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെയാണ് തിരച്ചില്‍. അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ അഴിമുഖത്ത് ബോട്ട് മറിഞ്ഞു കാണാതായ ഷിജിനു വേണ്ടി വിഴിഞ്ഞത്തു നിന്നുള്ള മുങ്ങൽ വിദഗ്ധരടങ്ങുന്ന സ്കൂബ ടീമും അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളും ചേർന്ന് അഴിമുഖ മുനമ്പിലും പരിസരത്തും ഇന്നലെ വ്യാപക തിരച്ചിൽ നടത്തി. എന്നാൽ മേഖലയിൽ കടൽച്ചുഴിയും ശക്തമായ കാറ്റും രൂപപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചു.
വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡ് 72 മണിക്കൂർ നീളുന്ന രണ്ടാംഘട്ട തിരച്ചിൽ നടപടികൾ ആരംഭിച്ചു. എഎൽഎച്ച് ഹെലികോപ്റ്ററും ഡോർണിയർ വിമാനവും വ്യോമ നിരീക്ഷണത്തിനു എത്തും. കോസ്റ്റ് ഗാർഡിന്റെ വലിയ കപ്പലിനു പുറമേ വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള 'അനഘ്', ഇന്റർസെപ്റ്റർ ബോട്ട് 'സി 427', ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ 'ധീര' എന്നീ ബോട്ടുകളും തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ 31ന് രാത്രിയിലുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞാണ് ജോണിനെ കാണാതായത്.
കഴിഞ്ഞ ദിവസം ഉപരോധ സമരങ്ങളാൽ കലുഷിതമായിരുന്ന മുതലപ്പൊഴി, അഞ്ചുതെങ്ങ് പ്രദേശങ്ങൾ നിലവില്‍ ശാന്തമാണ്. അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജി.ആർ. അനിൽ എംഎൽഎ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. ഷിജിനെ കണ്ടെത്തുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ജി.ആർ. അനിൽ പറഞ്ഞു.