Untitled design - 1

കര്‍ണാടക ബിഡദിയില്‍ കേരള ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവർക്ക്  വിശ്രമിക്കാൻ ആവശ്യത്തിന് സമയം ലഭിക്കാത്തതാണെന്ന ആരോപണം തള്ളി കെഎസ്ആർടിസി. ഡ്യൂട്ടി ക്രമീകരണത്തില്‍ വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. ഡ്യൂട്ടി അവസാനിച്ച് 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവര്‍ മിഥിലേഷ് ബെംഗളൂരു ഡ്യൂട്ടിക്കെത്തിയതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം 

 

കെ.എസ്.ആര്‍.ടി.സിയുടെ ചട്ടങ്ങളും സര്‍ക്കുലറും പരസ്യമായി ലംഘിച്ചതാണു രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബെംഗളുരുവിലെ അപകടത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഡ്രൈവര്‍ തുടര്‍ച്ചയായി രണ്ടു രാത്രികളിലാണു മൈസുരു –ബെംഗളുരു റൂട്ടില്‍ ബസോടിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സ്ഥിരം ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂയെന്ന ഉത്തരവും ലംഘിക്കപെട്ടു.

 

Also read: മൂന്നുവർഷം, 217 ജീവനുകൾ; അപകടക്കെണിയായി ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേ


സുരക്ഷിത യാത്ര സുഖയാത്രയെന്ന ടാഗ് ലൈനിട്ടാണ് ആഡംബര ബസുകള്‍ നിറഞ്ഞ ബെംഗളുരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ മരണക്കളി. രാത്രികളില്‍ തുടര്‍ച്ചയായി 5 മണിക്കൂറിലധികം  ഓടേണ്ട സര്‍വീസുകളില്‍  ഡ്രൈവറും കണ്ടക്ടറും ഡ്രൈവിങ് അറിയുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാവണമെന്നാണ്  കോര്‍പ്പറേഷന്‍  ഉത്തരവ്.എന്നാല്‍ അപകടത്തില്‍ പെട്ട ബസില്‌‍ ഇതുപാലിക്കപെട്ടില്ല. മരിച്ച ഡ്രൈവര്‍ മിഥിലേഷ് താത്കാലിക  ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി മൈസുരുവില്‍ നിന്നുള്ള മറ്റൊരു ബസ് ഓടിച്ച മിഥിലേഷ് ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെത്തിയത്.. രാത്രി ബെംഗളുരു ബസില്‍  വീണ്ടും ജോലിക്കു കയറുകയായിരുന്നു.. ഇക്കാര്യം സുഹൃത്തുക്കളും സ്ഥിരീകരിക്കുന്നുണ്ട്

സൂപ്പര്‍ ഫാസ്റ്റിനു മുകളിലുള്ള സര്‍വീസുകളില്‍ അനുഭവ പരിചയമുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരെ നിയമിക്കണമെന്ന ജൂണിലെ സര്‍ക്കുലറും അട്ടിമറിക്കപെട്ടു.

അതികം ദൂരമില്ലാത്തതിനാലാണു  ഡ്രൈവര്‍ കം കണ്ടക്ടര്‍  രീതിയിലേക്കു മാറാത്തതെന്നാണു ഡിപ്പോയിലെ വിശദീകരണം.

 

മൈസൂരില്‍ നിന്ന് മടങ്ങിയെത്തിയ ഡ്രൈവർ മിഥിലേഷിന്റെ ഡ്യൂട്ടി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് അവസാനിച്ചു. തുടര്‍ന്ന് പതിനഞ്ച് മണിക്കൂറിന് ശേഷമാണ് ബെംഗളൂരുവിനുള്ള ഡ്യൂട്ടിക്കെത്തിയത്. ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി വിശദമായ അന്വേഷണം നടക്കുകയാണ്. ദീർഘദൂര ബസുകളിൽ എല്ലാം ഡ്രൈവർ കം കണ്ടക്ടർ തസ്തികയില്‍ ഉൾപ്പെടുത്താൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്നാണ് മാനേജ്മെന്റിന്റെ വാദം.

 

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. 39 പേരുമായി കോഴിക്കോട് നിന്ന് പോയ KL 15 A 1963 ബസാണ് അപകടത്തില്‍പ്പെട്ടത്. ബിഡദിയില്‍വച്ച് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സൂചനബോര്‍ഡിന്‍റെ തൂണില്‍ ഇടിച്ച് ബസ് മറിഞ്ഞു. അപകടസ്ഥലത്തുവച്ച് തന്നെ കോവൂര്‍ സ്വദേശിയായ കണ്ടക്ടര്‍ എന്‍.എം.അരുണ്‍ മരിച്ചു. കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ മിഥിലേഷ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുപതോളം പേരാണ് ചികില്‍സയിലുള്ളത്. ഗുരുതര പരുക്കുള്ള നാലുപേരെ ബെംഗളൂരുവിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലേക്ക് മാറ്റി. ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും പരുക്കേറ്റ യാത്രക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു

 

അപകടമുണ്ടായ ഉടന്‍ പൊലീസും നാട്ടുകാരും മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുമെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. പരുക്കേറ്റവരുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. അപകടം നടന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേ സ്ഥിരം അപകടമേഖലയാണ്. കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വാഹനങ്ങളാണ് ഇതിന് മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുള്ളത്. 

ENGLISH SUMMARY:

The Bengaluru bus accident, involving a KSRTC bus, has raised questions about duty arrangements and driver fatigue. Malayala Manorama Online News reports that KSRTC denies any lapse in duty scheduling, stating the driver had adequate rest before the fatal journey.