upi-cash

യുപിഐ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ദൈനംദിന ഇടപാടുകള്‍ക്ക് യാതൊരു നിരക്കും ഈടാക്കില്ല. ഭാവിയിലെ MDR നിരക്കുകള്‍ നാമമാത്രമായിരിക്കും. ചില വ്യാപാരികള്‍ക്ക് മാത്രമായിരിക്കും നിരക്കുകള്‍ ബാധകമാവുകയെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നയമാറ്റത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദമില്ലെന്നും വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും ധനമന്ത്രാലയം അറിയിച്ചു.

യുപിഐ ഇടപാടുകള്‍ ചെറുതായാലും വലുതായാലും ഉപഭോക്താക്കള്‍ ഒരു രൂപ പോലും സേവന നിരക്കായി നല്‍കേണ്ട എന്ന് പേയ്മെന്‍റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ചെറുകിട കച്ചവടക്കാരെയും ബാധിക്കില്ല. വന്‍കിട വ്യാപാരികളും പേയ്മെന്‍റ് പ്രൊവൈഡര്‍മാരും തമ്മിലുള്ള ക്രമീകരണം മാത്രമാണ് ഇതെന്നും വിശദീകരണത്തില്‍ പറയുന്നു. 

അതേസമയം ചെറുകിട വ്യാപാരികള്‍ എന്നാല്‍ എത്രരൂപയാണ് വരുമാന പരിധി എന്ന് വ്യക്തമാക്കുന്നില്ല. എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ് എന്നതും വ്യക്തമല്ല. സേവന നിരക്ക് നല്‍കേണ്ടിവരുന്ന വ്യാപാരികള്‍ യുപിഐ ഇടപാടിന് വിസമ്മതിക്കുകയോ ഫീസിന്‍റെ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പിക്കുകയോ ചെയ്താല്‍ എന്തു ചെയ്യും എന്നതിനും ഉത്തരമില്ല.

യുപിഐ ഇടപാടുകള്‍ രാജ്യത്ത് വ്യാപകമായതോടെ യുഎസ് പണമിടപാട് സ്ഥാപനങ്ങളായ വിസ, മാസ്റ്റര്‍ കാര്‍‍ഡ്, പേപാല്‍ എന്നിവയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇത് മറികടക്കാന്‍ യുഎസിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുപിഐ സേനവത്തില്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്.

ENGLISH SUMMARY:

UPI services will remain completely free for daily transactions as announced by the Union Finance Ministry. This clarification addresses concerns about potential charges and reassures users and small businesses about the continued accessibility of the digital payment system.