വര്‍ഷങ്ങളായി തുടരുന്ന ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്നും സഭാ നേതൃത്വങ്ങളുമായി ഉന്നതതല ചർച്ച നടത്തുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഉന്നതതല മധ്യസ്ഥനീക്കം ഉണ്ടാകുന്നത്.
പള്ളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന 6 അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പാലക്കാട് ജില്ലയിലെ മൂന്ന് പള്ളികൾ, എറണാകുളം ജില്ലയിലെ രണ്ട് പള്ളികൾ, കൊല്ലം ജില്ലയിലെ ഒരു പള്ളി എന്നിവയുൾപ്പെടെയുള്ള ആറ് പള്ളികളുടെ തർക്കങ്ങളാണ് കോടതിയുടെ മുന്നിലുള്ളത്. ഈ ഹർജികളിൽ വിശദീകരണം നൽകി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇരു സഭാ അധ്യക്ഷന്മാരെയും സഭാ നേതൃത്വത്തെയും നേരിട്ട് ചർച്ചയ്ക്ക് വിളിച്ചുകൊണ്ട് വിഷയം സൗഹാർദ്ദപരമായി പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി സഭകൾക്കിടയിൽ നിലനിൽക്കുന്ന ഈ തർക്കം പലപ്പോഴും വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്കും വിശ്വാസികളുടെ മാനസിക വിഷമങ്ങളിലേക്കും നയിച്ചിട്ടുണ്ട്. പള്ളികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി നിലവിലുണ്ടെങ്കിലും അത് പൂർണ്ണമായി നടപ്പിലാക്കുന്നതിലുണ്ടായ പ്രതിസന്ധികൾക്കിടയിലാണ് സർക്കാർ പുതിയൊരു സമവായ ഫോർമുലയുമായി രംഗത്തെത്തിയിരിക്കുന്നത്.
സർക്കാരിന്റെ ഈ ക്രിയാത്മക നീക്കത്തിന് ഹൈക്കോടതി അനുമതി നൽകാനാണ് സാധ്യത. വിധികൾ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും തുടരുന്ന നിയമപോരാട്ടങ്ങളും കണക്കിലെടുക്കുമ്പോൾ, സർക്കാരിന്റെ മധ്യസ്ഥശ്രമത്തെ കോടതി അനുകൂലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചർച്ച എപ്പോഴാണ് നടക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയുടെ തുടർനിലപാടിന് ശേഷമായിരിക്കും തീരുമാനിക്കുക.