കണ്ണൂര്‍ ചെറുപുഴയില്‍ മരിച്ച രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്‍റെ മൃതദേഹത്തോട് അനാദരം കാട്ടിയതില്‍ പയ്യന്നൂര്‍ തഹസീല്‍ദാരെ സസ്പെന്‍ഡ് ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സിന്‍റെ ചെലവായി പയ്യന്നൂര്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്‍റണിയാണ് വെളിപ്പെടുത്തിയത്.
തഹസില്‍ദാറിന്‍റ ആവശ്യപ്രകാരം ചെറുപുഴ റിവര്‍ റാഫ്റ്റിങ് ടീം തനിക്ക് പണം കൈമാറിയെന്ന് അനീഷ് ആന്‍റണി പറഞ്ഞു. ആംബുലന്‍സ് വഴിമധ്യേ മാറ്റിയതിനാല്‍ പണം അവര്‍ക്ക് തിരിച്ചുനല്‍കിയെന്നും തഹസില്‍ദാര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും അനീഷ് പറഞ്ഞു. രാജേഷിന്‍റെ മൃതദേഹത്തോട് അനാദരം കാട്ടിയെന്നതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫ്രീസറില്ലാതെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതും ചാവക്കാട് നിന്ന് ഫ്രീസറിലേക്ക് മാറ്റുന്നതുമാണ് ദൃശ്യം.
Also read: രാജേഷിന്റെ മൃതദേഹത്തോട് അനാദരം: തെളിവായി ദൃശ്യങ്ങൾ പുറത്ത്
മൃതദേഹത്തോട് കാട്ടിയത് അനാദരമാണെന്നും നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. നാല് ദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം പരിയാരത്തെ മോര്‍ച്ചറിയില്‍ നിന്ന് കയറ്റിയത് ഫ്രീസറില്ലാത്ത ആംബുലന്‍സിലായിരുന്നു. എല്ലാ സംവിധാനവുമൊരുക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും പണം പ്രശ്നമായിരുന്നില്ലെന്നും ജില്ലാ കലക്ടര്‍ പ്രതികരിച്ചു.
അതേസമയം സ്വകാര്യ ആംബുലന്‍സുകാര്‍ വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അതൊഴിവാക്കിയതെന്നായിരുന്നു പയ്യന്നൂര്‍ തഹസില്‍ദാരുടെ വാദം. വീഴ്ചയില്‍ തഹസില്‍ദാരെയും പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും കലക്ടര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തഹസില്‍ദാര്‍ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.