ബെംഗളൂരുവില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി  സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിച്ചത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് ആരോപണം. വിശ്രമമില്ലാതെ രണ്ടുദിവസം തുടര്‍ച്ചയായി രാത്രി ജോലി ചെയ്തതെന്നാണ് പരാതി. അഞ്ചു മണിക്കൂറിൽ അധികം രാത്രി ഓട്ടമുള്ള റൂട്ടുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു. 

 

തലേദിവസം രാത്രി കോഴിക്കോട് നിന്ന് മൈസൂരുവിലേക്ക് സർവീസ് നടത്തിയ താൽക്കാലിക ഡ്രൈവർ മിഥിലേഷ് വിശ്രമമില്ലാതെ വീണ്ടും ബെംഗളൂരു ബസ് ഓടിക്കുകയായിരുന്നു. കെഎസ്ആർടിസിക്ക് ഏറ്റവും വരുമാനമുള്ള ബെംഗളൂരു റൂട്ടിലാണ് ജീവനക്കാരുടെ സുരക്ഷ മറന്ന് ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്. സൂപ്പർ ക്ലാസ് ബസുകളിൽ അനുഭവപരിചയമുള്ള ഡ്രൈവർമാരെ മാത്രമേ നിയമിക്കാവൂ എന്ന സർക്കുലറും ഇവിടെ കാറ്റിൽ പറത്തി. കോഴിക്കോട് ബാംഗ്ലൂർ സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ വേണമെന്ന് ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കണ്ടക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങി സിംഗിൾ ഡ്രൈവർമാരെ വിടുകയായിരുന്നു. താൽക്കാലിക ഡ്രൈവർമാരെ നിർബന്ധിച്ച് ദീർഘദൂര സർവീസുകൾക്ക് അയക്കുന്ന സാഹചര്യവുമുണ്ട്. 

 

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും മരിച്ചു. 20 യാത്രക്കാര്‍ക്ക് പരുക്കുണ്ട്. ഇതില്‍ നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1963 എന്ന ബസാണ് കര്‍ണാടകയിലെ ബിഡദിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷ്, കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍.എം.അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.

 

Also read: കോഴിക്കോട് – ബെംഗളൂരു KSRTC സൂപ്പര്‍ ഡീലക്സ് ഇടിച്ച് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ബെംഗളൂരൂ–മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ വച്ച് നിയന്ത്രണം വിട്ട ബസ്  റോഡുവക്കിലെ  സൈന്‍ ബോര്‍ഡില്‍  ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയുണ്ടായിരുന്നുവെന്നും ബസ് സാമാന്യം നല്ല വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. കണ്ടക്ടര്‍ അരുണ്‍കുമാര്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഡ്രൈവര്‍ മിഥിലേഷ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

ENGLISH SUMMARY:

KSRTC bus accident occurred in Bengaluru due to driver negligence and violation of duty rules. The accident, involving a KSRTC Super Deluxe bus, resulted in fatalities and injuries, highlighting safety concerns on vital routes.