മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കൽപ്പറ്റ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുകളുണ്ടെന്നും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
കേസിൽ ഗീതാനന്ദൻ അടക്കമുള്ള പ്രതികളുടെ അപ്പീലിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിരീക്ഷണങ്ങൾ. അപ്പീലിൽ സംസ്ഥാന സർക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. അതേസമയം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ഇടക്കാല ആവശ്യത്തിൽ ബുധനാഴ്ച ഹൈക്കോടതി വാദം കേൾക്കും. കേസിൽ ഗീതാനന്ദനടക്കമുള്ള നാല് പ്രതികളെ അഞ്ചുവർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. സി.ബി.ഐ നടത്തിയ അന്വേഷണം നിയമവിരുദ്ധമാണെന്നും വിചാരണക്കോടതി വിധി റദ്ദാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
സമരത്തിനിടെ പൊലീസുകാരനായ അബ്ദുൽസലാമിനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം.ഗീതാനന്ദൻ, ബിനു, രമേശ്, അനിൽകുമാർ എന്നിങ്ങനെ നാലു പ്രതികളെയാണ് കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയത്. ഇവർക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. അതേസമയം, മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി ഒഴികെ ബാക്കിയെല്ലാവരെയും വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതേവിട്ടിരുന്നു. രണ്ടാം പ്രതി അശോകൻ കുറ്റക്കാരൻ ആണെങ്കിലും മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.