എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നിലപാട് കടുപ്പിച്ച് വിചാരണ കോടതി. 16 പ്രതികളും തിങ്കളാഴ്ച നേരിട്ട് ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ മനപൂർവം പരിക്കേൽപ്പിച്ചു എന്ന വകുപ്പ് കൂടി ചേർക്കാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായുള്ള അധിക കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ പ്രതികൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
എന്നാൽ ഇതിനായി ഇന്ന് ഒരൊറ്റ പ്രതിയും ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് കോടതിയുടെ കർശന നിർദേശം. കേസിൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും, വിചാരണ നാലുമാസത്തിനകം തീർക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു. കേസിലെ സാക്ഷിവിസ്താരത്തിന്‍റെ തീയതിയും തിങ്കളാഴ്ച തീരുമാനിക്കും.
കേസില്‍ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന പോപ്പുലർ ഫ്രണ്ടുകാരായ അഞ്ച് പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും നല്‍കണമെന്ന ആവശ്യവും കോടതി തള്ളുകയുണ്ടായി. കുറ്റപത്രത്തിനൊപ്പമില്ലാത്ത രേഖകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. കേസിൽ കഴിഞ്ഞ ആഴ്ച്ചയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. കേസിൽ ആകെ 26 പ്രതികളാണുള്ളത്. ഇതിൽ 16 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ ആരംഭിച്ചത്. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാകുന്നത് വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.