wayanad-rain-holiday

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.  മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്‍ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ടുമാണ്. എട്ടാം തീയതി വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കരമന,പമ്പ,കരുവന്നൂര്‍,ഗായത്രി പുഴകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 

നദികളിലെ മണ്ണ് നീക്കാന്‍ അടിയന്തരനടപടിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. വെള്ളപ്പൊക്കം ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയനടപടി സ്വീകരിക്കും. ദുരിതാശ്വാസത്തിന് എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്നും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടരുകയാണ്.

സംസ്ഥാനത്ത് മഴക്കലിയിൽ ഇതുവരെ 24 ജീവനുകൾ പൊലിഞ്ഞു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയില്‍ കാണാതായ ഹനീഫയുടെ മ‍ൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ യുവാവിന്‍റെ മ‍ൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനടെ കാണാതായ രാജേഷിന്‍റെ മൃതദേഹം നാലാം ദിനം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട ഇടത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറി പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കില്‍പ്പെട്ടയാള്‍ക്ക് തന്‍റെ ലൈഫ് ജാക്കറ്റ് ഊരി നല്‍കി രക്ഷപ്പെടുത്തിയ ശേഷമാണ് രാജേഷിനെ കാണാതായത്. 

ENGLISH SUMMARY:

Wayanad holiday announced due to heavy rains, with educational institutions including tuition centers and coaching classes being closed tomorrow, though residential schools and colleges can function. The Collector has also imposed traffic restrictions on Thamaraserry and Palchuram passes, urging limited travel and extreme caution for essential journeys.