ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായ കത്തുനല്‍കിയതിന് തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി.അരുണിമയ്ക്ക് സസ്പെന്‍ഷന്‍. മന്ത്രിയുടെ നിര്‍ദേശം മറികടന്ന് കത്ത് നല്‍കിയതിനാണ് നടപടി. കത്തിന്റെ അടിസ്ഥാനത്തില്‍ സുഗതന് ആറു മാസത്തേക്ക് അവധി ലഭിച്ചിരുന്നു.
കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ തുടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ആറ് മാസത്തെ അവധി നല്‍കാന്‍ സഹായമായ റിപ്പോര്‍ട്ട് നല്‍കിയത് തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി.അരുണിമയായിരുന്നു. ആഭ്യന്തര വകുപ്പിന് വിശദീകരണ കുറിപ്പ് കൈമാറിയ ഡോ.ചിത്ര പി.അരുണിമയോട് കഴിഞ്ഞദിവസം തദ്ദേശവകുപ്പ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വിശദീകരണം കിട്ടിയ ശേഷം സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കാനാണ് മന്ത്രി കെ.എം ഷാജി നല്‍കിയിരിക്കുന്ന നിര്‍ദേശം.
തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ അയോഗ്യത ഭീഷണി നിലനില്‍ക്കുന്നതിനിടെ ആര്‍. സുഗതന് ആറ് മാസത്തെ അവധി അനുവദിക്കുന്നതില്‍ മേയര്‍ വി.വി രാജേഷ് ആയുധമാക്കിയത് ആഭ്യന്തരവകുപ്പ് നല്‍കിയ മറുപടിയായിരുന്നു. രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് തദ്ദേശവകുപ്പിന് ഗുരുതര വീഴ്ചയുണ്ടായതായി തെളിഞ്ഞത്. തദ്ദേശവകുപ്പിന്‍റെ മറുപടി അതേമട്ടില്‍ സുഗതന് കൈമാറിയ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തും പിഴവുണ്ടെന്നാണ് വിമര്‍ശനം.