കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി. ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, ഇരിട്ടി,തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കണ്ണൂരില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും ക്യാംപുകളുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പി.എസ്.സി. നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താനിരുന്ന എല്ലാ ഓണ്‍ലൈന്‍, OMR പരീക്ഷകളുമാണ് മാറ്റിവെച്ചത്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ദുരിതപ്പെയ്ത്തിൽ ഇതുവരെ 18 പേർക്ക് ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനിടെ പത്തനംതിട്ടയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടിയിലേറെ മഴയാണ് പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.