എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല’–പിണറായി പറഞ്ഞു. ചങ്ങനാശേരിയിൽ പരിപാടിക്ക് പോകുന്നതിനിടെയാണ് പിണറായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയത്.

കരുവന്നൂർ ബാങ്ക് കേസിൽ അന്വേഷണം നടത്തിയ ഇഡി രാജ്യത്ത് ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതി ആക്കിയെന്നും പ്രതികളെ മാപ്പ് സാക്ഷികളാക്കിയെന്നും പിണറായി പിന്നീട് പറഞ്ഞു. ഇഡി രാഷ്ട്രീയമായി കാര്യങ്ങൾ ചെയ്തു. സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം ഇഡി പ്രതിയാക്കി. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വിജയൻ പറഞ്ഞു

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു ഇന്നലെ കത്തു നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

ഇഡി പുതിയ കേസെടുത്തേക്കും

സിഎംആർഎൽ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി പുതിയ കേസെടുത്തേക്കും. വിജിലൻസ് കേസെടുത്താൽ അതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ പ്രോസിക്യൂഷനിലേക്ക് കടക്കാവുന്ന പുതിയ കേസെടുക്കാൻ ആണ് നീക്കം. തിരുവനന്തപുരത്ത് ED ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ ഇ.ഡിയും കേസെടുത്ത് അന്വേഷണം തുടങ്ങി

സി.എം.ആർ.എൽ കമ്പനിയുമായുള്ള അനധികൃത ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിൽ സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ് ഇഡി. വിജിലൻസ് കേസെടുത്താൽ ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി പുതിയ കേസെടുക്കുമെന്നാണ് വിവരം. ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന് സംസ്ഥാന ഏജൻസി കേസെടുക്കുകയാണെങ്കിൽ ഇഡിക്കും ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ സാധിക്കും. നിലവിൽ സി.എം.ആർ.എലുമായി ബന്ധപ്പെട്ട കേസിൽ സിവിൽ നടപടികളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്. 

ഈ കേസുമായി പുതിയ നടപടികളെ ബന്ധപ്പെടുത്തില്ലെന്നാണ് സൂചന. കേസിൽ കൂടുതൽ ഓഡിറ്റർമാരടക്കം 7 CMRL ഉദ്യോഗസ്ഥർക്ക് ED സമൻസ് അയച്ചു. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം ടി.വീണയെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും വിളിച്ചു വരുത്താനും നീക്കമുണ്ട്. അതിനിടെ, തിരുവനന്തപുരത്ത് ED ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ ഇഡിയും അന്വേഷണം ആരംഭിച്ചു. പൊലീസ് കേസിന്റെ അടിസ്ഥാനത്തിലാണ്  ഇ.സി.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. വധശ്രമത്തിന് പിന്നിലെ ഗൂഡാലോചനയും, സാമ്പത്തിക ഇടപാടുമാണ് ഇഡി അന്വേഷിക്കുക. ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ഇഡി വാദം. ഇതോടെ ഉന്നത സിപിഎം നേതാക്കളിലേക്കും അന്വേഷണം നീളും.

ENGLISH SUMMARY:

Pinarayi Vijayan angrily responded to questions from journalists regarding the Enforcement Directorate (ED) investigation. The former Kerala Chief Minister questioned the journalists' presence and intent, comparing it to entering a bathroom uninvited.