സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മൂന്ന് മണിക്കൂര് നേരത്തേക്കാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വൈകിട്ടോടെ മഴയുടെ ശക്തി കുറയും. വീണ്ടും അഞ്ചാം തീയതി മുതൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
പത്തനംതിട്ടയിൽ കനത്ത മഴയ്ക്ക് ശമനമില്ല. ശബരിമല വനമേഖലയിൽ അടക്കം പെരുമഴയാണ് അനുഭവപ്പെടുന്നത്. മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കാട്ടാർ കരകവിയുന്ന നിലയിലാണ്. പമ്പയിലെ ജലനിരപ്പ് ഉയർന്നു. തിരുവല്ല ടൗണിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. റാന്നിയില്‍ താഴ്ന്ന റോഡുകള്‍ വെള്ളത്തിനടിയിലായി. എം.സി റോഡില്‍ തിരുമൂലപുരത്ത് വെള്ളം കയറി. അപ്പര്‍കുട്ടനാട്ടില്‍നിന്ന് ആളുകളെ മാറ്റിത്തുടങ്ങി.
കോട്ടയത്ത് രാത്രി കനത്ത മഴ. മലയോരമേഖലയില്‍ ശക്തമായ മഴ പെയ്തു. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പാലാ–ഈരാറ്റുപേട്ട റോഡില്‍ രണ്ടിടത്ത് വെള്ളം കയറി.
ഭരണങ്ങാനം പൈക റോഡിലും വെള്ളമുയര്‍ന്നു. പനയ്ക്കപ്പാലം ഭാഗത്തും വെള്ളം ഉയരുന്നു. പാലാ നഗരത്തില്‍ കൊട്ടാരമറ്റത്ത് വെള്ളം കയറി. കോട്ടയം നഗരസമീപത്തെ ഇല്ലിക്കല്‍, താഴത്തങ്ങാടി വെളളത്തിലായി.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ജലവുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി തിരയിൽപ്പെട്ട് കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, വിഴിഞ്ഞം സ്വദേശി ജോൺ എന്നിവരെയാണ് കണ്ടെത്താനുള്ളത്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അവധി. പ്രഫഷനൽ കോളജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇവ കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും, ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.