കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല. 

 

ഇവ കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു 

 

Also Read: മഴ കനക്കും; പത്തനംതിട്ട ജില്ലയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; ആളുകളെ മാറ്റും

കോഴിക്കോട് മലയോര മേഖലയിൽ മഴ വീണ്ടും കനത്തതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുക്കം പാലത്തിനു സമീപം ഹോട്ടലിന്റെ പിൻഭാഗം പുഴയിലേക്ക് ഇടിഞ്ഞുവീണു. ജില്ലയിലാകെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 563 പേരെ മാറ്റിപ്പാർപ്പിച്ചു. നഗരത്തിലെ പാലാഴിയിൽ കോവൂർ മെഡിക്കൽ കോളേജ് റോഡിന് ഇരുവശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കുറ്റിക്കാട്ടൂരിൽ തോട്ടിലേക്ക് പതിച്ച ഓട്ടോറിക്ഷ ഒലിച്ചുപോയെങ്കിലും ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് കാരന്തൂർ, ചെലവൂർ, കണ്ണാടിക്കൽ, കക്കോടി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി. കണ്ണാടിക്കലിൽ നിന്നു മാത്രം 200 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

 

സംസ്ഥാനമൊട്ടാകെ ദുരിതപ്പെയ്ത്തില്‍ 12 മരണം സംഭവിച്ചു. ആറുപേരെ കാണാതായി. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വളളത്തില്‍ നിന്ന്  തെറിച്ച് വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്‍റെ മൃതദേഹം കണ്ണാന്തുറ തീരത്തടിഞ്ഞു. വിഴിഞ്ഞത്ത് നിന്ന് കാണാതായ ആന്‍റണിയുടെ മൃതദേഹവും കണ്ടെത്തി.  പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി ഭാനുപ്രിയ മരിച്ചു .  നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 5792 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി .കേരള– ലക്ഷദ്വീപ്  തീരത്ത് മത്സ്യബന്ധനം വിലക്കി. 

ENGLISH SUMMARY:

Kerala schools are closed tomorrow due to heavy rain alert in 11 districts. This holiday applies to all educational institutions, including tuition centers and madrasas, and is a direct response to the concerning weather forecast.