പമ്പ കരകവിഞ്ഞൊഴുകിയതോടെ തിരുവല്ല, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറി. തിരുവല്ല നെല്ലാട്, വള്ളംകുളം ഭാഗങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലാണ്. തിരുവല്ലയിൽ മാത്രം 23 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

തിരുവല്ല ഓതറ സ്വദേശി റജിയുടെ ഒരു ആയുഷ്കാലത്തെ സമ്പാദ്യമാണ് ഒറ്റരാത്രി കൊണ്ട് ഇല്ലാതായത്. വെള്ളം ഇരച്ചെത്തുന്നത് കണ്ട് കുടുംബത്തെയും ചേർത്ത് പിടിച്ചു സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാൽ ജീവൻ ബാക്കിയുണ്ട്. തിരുവല്ല നെല്ലാട് വളളംകുളം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. കുടുങ്ങി കിടന്നവരെ അഗ്നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി. 

എം സി റോഡിൽ തിരുവല്ല തിരുമൂലപുരം ഭാഗത്ത് വെള്ളം കയറിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വെള്ളത്തിൽ ഇറങ്ങി പലരുടെയും ഇരു ചക്ര വാഹനങ്ങൾ കേടായി. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ചക്കുളത്ത് കാവ് ദേവി ക്ഷേത്രത്തിലേക്കും തലവടി, കടപ്ര, വീയപുരം, തകഴി, എടത്വ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വീടുകൾ വെള്ളത്തിനടിയിലായി. ഇന്നലെ ജല നിരപ്പ് ഉയർന്ന മല്ലപ്പള്ളി ടൗണിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.

ENGLISH SUMMARY:

Thiruvalla floodwaters are rising as the Pampa River overflows, inundating low-lying areas of Thiruvalla and Upper Kuttanad. Many homes in the Nellad and Vallamkulam regions of Thiruvalla are submerged, with 23 relief camps opened to assist affected residents.