rain-kerala-intensity-decreases-latest-update
  • കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. പേരിയയില്‍ പുലര്‍ച്ചെ യാത്രക്കാരെ ഇറക്കി മടങ്ങി വരുമ്പോഴാണ് ഓട്ടോ പാലത്തില്‍ നിന്നും താഴേക്ക് വീണത്

നിലവില്‍ വ്യാപകമായി പെയ്യുന്ന മഴയുടെ തീവ്രത കുറയുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കഴിഞ്ഞി രണ്ട് ദിവസങ്ങളിലേതിന് സമാനമായ മഴയുണ്ടാവില്ലെന്നും എന്നാല്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മഴ കുറയും. അതേസമയം, വെള്ളിയാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശാസ്ത്രീയവശങ്ങള്‍ വച്ചാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍.കുര്യാക്കോസ് മനോരമന്യൂസിനോട് വ്യക്തമാക്കി. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. നാളെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് റവന്യൂമന്ത്രി എ.പി.അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ തന്നെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അഞ്ചാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. പേരിയയില്‍ പുലര്‍ച്ചെ യാത്രക്കാരെ ഇറക്കി മടങ്ങി വരുമ്പോഴാണ് ഓട്ടോ പാലത്തില്‍ നിന്നും താഴേക്ക് വീണത്. ഡ്രൈവര്‍ നീന്തി രക്ഷപെട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഓട്ടോ കണ്ടെത്തിയത്. 

രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് എട്ടു മരണം. ഏഴുപേരെ കണ്ടെത്താനുണ്ടെന്നും 10 വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നും ഔദ്യോഗിക റിപ്പോര്‍ട്ട്. കണ്ണൂര്‍ അയ്യാകുന്നില്‍ 302 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ശ്രീകണ്ഠാപുരം നഗരത്തില്‍ വെള്ളം കയറിയെന്നും റിപ്പോര്‍ട്ടുണ്ട്. 

ENGLISH SUMMARY:

The State Disaster Management Authority announced a temporary decrease in rainfall intensity across Kerala, though isolated showers will persist in some areas and northern districts. State ministers confirmed that the health and revenue departments are fully prepared to handle any monsoon-related emergencies following a brief spell that claimed eight lives and damaged several homes. However, authorities have issued a fresh warning indicating that heavy rains are likely to pick up momentum once again starting Friday.