കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്,പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല.
ആലപ്പുഴ ജില്ലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Also Read: 'മഴയുടെ തീവ്രത കുറയും; വെള്ളിയാഴ്ച വീണ്ടും ശക്തിയാര്‍ജിക്കും'; മുന്നറിയിപ്പ്
ആറാം തീയതി മുതല്‍ കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36 സെന്‍റീമീറ്ററാണ്. അതിതീവ്രമഴയായിരുന്നു ഇന്നലെ കേരളത്തിലെന്നും IMDയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ അഖില്‍ ശ്രീവാസ്തവ പറഞ്ഞു. കേരളത്തിലെ മഴയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അഖില്‍ ശ്രീവാസ്തവ വ്യക്തമാക്കി.
നാടൊട്ടുക്ക് തോരാമഴയും തീരാദുരിതവും
സംസ്ഥാനമൊട്ടാകെ ദുരിതപ്പെയ്ത്തില്‍ 12 മരണം, ആറുപേരെ കാണാതായി. 12 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. 5792 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി .കേരള– ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം വിലക്കി. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴക്കലിയില്‍ ഇതുവരെ പൊലിഞ്ഞത് 12 ജീവനുകള്‍. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വളളത്തില്‍ നിന്ന് തെറിച്ച് വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്‍റെ മൃതദേഹം കണ്ണാന്തുറ തീരത്തടിഞ്ഞു. വിഴിഞ്ഞത്ത് നിന്ന് കാണാതായ ആന്‍റണിയുടെ മൃതദേഹവും കണ്ടെത്തി. പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി ഭാനുപ്രിയ മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒപ്പമുണ്ടായിരുന്ന ആളെ രക്ഷപെടുത്തി. തിരുവനന്തപുരത്ത് കടലില്‍ മറഞ്ഞ രണ്ടു മത്സ്യത്തൊഴിലാളികള്‍ അടക്കം ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 209 ദുരിതാശ്വസ ക്യാംപുകളിലായി 5792 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 13 പേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരിതാശ്വാസ ക്യാംപുകള്‍ പരാതിരഹിതമാക്കാന്‍ ശ്രമം തുടങ്ങിയതായി റവന്യൂ മന്ത്രി അറിയിച്ചു.