malankara-orthodox-syrian-church-four-new-metropolitan-candidates-list

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ 4 പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധപ്പെടുത്തി. കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി യോഗമാണ് 6 പേരടങ്ങുന്ന പട്ടിക തയാറാക്കിയത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഭദ്രാസനങ്ങളിലെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ യോഗത്തിന് അധ്യക്ഷത വഹിച്ചു. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ആഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് 4 പേരെ തിരഞ്ഞെടുക്കേണ്ടത്. മലങ്കരസഭയുടെ ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി നാലായിരത്തിൽപ്പരം പ്രതിനിധികൾ അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കും.

സ്ഥാനാർഥികളുടെ വിവരങ്ങൾ:

  1. ഫാ. അനീഷ് കെ. സാം (44): കോട്ടയം സോഫിയ സെന്റർ പ്രോഗ്രാം സെക്രട്ടറി (ഇൻചാർജ്). തുമ്പമൺ ഭദ്രാസനത്തിലെ പത്തനംതിട്ട വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗം. മദ്രാസ് ഭദ്രാസനത്തിലെ തൂത്തുക്കുടി, പൊള്ളാച്ചി പള്ളികളുടെ വികാരി. പരേതനായ കെ. വി. സാമുവേലിന്റെയും മറിയാമ്മ സാമുവേലിന്റെയും മകൻ.
  2. ഫാ. എൽദോസ് എ.എ. (46): പരുമല സെമിനാരി മാനേജർ. മലബാർ ഭദ്രാസനത്തിലെ മലപ്പുറം എടക്കര സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. അമ്പാട്ടുപൊട്ടയ്ക്കൽ ഏലിയാസിന്റെയും റബേക്കയുടെയും മകൻ.
  3. ഫാ. സാംജി ടി. ജോർജ് (51): കൊല്ലം ശാസ്താംകോട്ട മാർ ഏലിയാ ചാപ്പൽ മാനേജർ. ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. താഴത്തേടത്ത് ബംഗ്ലാവിൽ പരേതരായ സണ്ണി ജോർജിന്റെയും അമ്മിണി ജോർജിന്റെയും മകൻ.
  4. ഫാ. ഷിബു വേണാട് മത്തായി (53): ഫിലാഡൽഫിയ ബെൻസാലേം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി. സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ തമിഴ്നാട് നീലഗിരി താളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. പരേതരായ വി. വൈ. മത്തായിയുടെയും സാറാമ്മ മത്തായിയുടെയും മകൻ.
  5. ഫാ. തോമസ് പോൾ റമ്പാൻ (53): എറണാകുളം കീഴില്ലം ഉദയഗിരി മാർ ഗ്രീഗോറിയോസ് പള്ളി വികാരി. അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മാർ തോമ്മാ ചെറിയ പള്ളി ഇടവകാംഗം. മാറാച്ചേരിൽ പരേതരായ എം. ടി. പൗലോസിന്റെയും കെ. എം. ചിന്നമ്മയുടെയും മകൻ.
  6. ഫാ. യാക്കോബ് തോമസ് റമ്പാൻ (47): ദേവലോകം അരമന മാനേജർ. അങ്കമാലി ഭദ്രാസനത്തിലെ അടിമാലി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. കുരീപ്പറമ്പിൽ പരേതനായ കെ. പി. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകൻ.
ENGLISH SUMMARY:

The Malankara Orthodox Syrian Church has released a shortlist of six candidates for the upcoming election of four new metropolitans. The managing committee meeting, convened at the Kottayam Old Seminary, was presided over by Catholicos Baselios Mar Thoma Mathews III. A total of over 4,000 representatives from 30 global dioceses will participate in the Malankara Syrian Christian Association to select the final four candidates. This decisive election meeting is scheduled to be held on August 27 at St. Gregorios Nagar in Vettickal Dayara, Mulanthuruthy.