കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു എന്നതില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്. അത്രത്തോളം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ നമ്മള് കേള്‍ക്കുന്നത്.
അസം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുടെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷം രൂപ വാഗ്ദാനം, പ്രസവത്തിന്റെ ചെലവും വഹിക്കും; പക്ഷെ, പ്രസവം കഴിയുമ്പോള്‍ കുഞ്ഞിനെ അവര്‍ക്ക് കൊടുക്കണം. ഇങ്ങനെയായിരുന്നു ആ വെളിപ്പെടുത്തല്‍. ഒന്നര വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി വീണ്ടും ഗര്‍ഭിണിയായതോടെയാണ് വീടുവിടുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചു. ദത്ത് നല്‍കിയിട്ട് വീട്ടിലെത്തിയാല്‍ മതിയെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു.
തമിഴ്നാട്ടുകാരനായ രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് ആദ്യഘട്ടത്തില്‍ പിടികൂടിയത്. എന്നാല്‍ പ്രസവം നടക്കുന്നത് എവിടെയാണ്, കുഞ്ഞിനെ പിന്നീട് ആർക്കാണ് കൈമാറുന്നത് എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിരുന്നില്ല. കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് ഗർഭിണിയായ അസംകാരിയെ താമസിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസിൽ വാഗമൺ സ്വദേശി അനീനയും പിന്നീട് പിടിയിലായി.
പിന്നീട്, ഇവര്‍ എവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്ന് മനസ്സിലായി. പ്രതികളുടെ മൊബൈൽ ഫോൺ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചു. അസം സ്വദേശിനിയുടെ മൊഴിപ്രകാരം രണ്ട് സ്ത്രീകളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. വ്യാജ പേരിലാണ് പ്രതികൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഖേനെ അസം സ്വദേശിനിയെ കോട്ടയം തീക്കോയിയിലേക്ക് എത്തിച്ചിരുന്നത്. നേരത്തെയും ഈ വില്പന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഒരു കുട്ടിയെ സംഘം വില്പന നടത്തിയെന്ന് അങ്ങനെ തെളിഞ്ഞു.
കൂടുതൽ കുട്ടികളെ വില്പന നടത്തിയിട്ടുണ്ടോയെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ചാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പിടിയിലായ മൂന്ന് പേര് മാത്രമല്ലെന്നത് പൊലീസിന് തീര്‍ച്ചയാണ്. റിമാൻഡിലുള്ള പ്രതികളെ ഒരുമിച്ചിരുത്തി ഇനി ചോദ്യംചെയ്യും. മുന്‍പ് ഒരു വില്പന നടത്തി എന്ന കണ്ടെത്തലില്‍ നിന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതികള്‍ നടത്തിയിരുന്ന പദ്ധതി എങ്ങനെയായിരുന്നു എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.