സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും. മരണം അഞ്ചായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. മഷിക്കല്ലേല്‍ സുമതിയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ സുമതിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. കോട്ടയം, പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. മണക്കാട്ട് ജോണിയുടെ മകന്‍ ജോസഫിൻ ജോണി (24), ഭാര്യ റെജീന എന്നിവരാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. മലപ്പുറത്ത് തോട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്
ഇടുക്കി ഏലപ്പാറയില്‍ വീടുകളില്‍ വെള്ളം കയറി. ചെമ്മണ്‍ ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. മേഖലയില്‍ ആറു വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറു കേന്ദ്രങ്ങളില്‍ ക്യാംപുകള്‍ തുറന്നു. തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ തകര്‍ന്നു. ബിനു, മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
കോട്ടയത്ത് മൂന്നിലവില്‍ ഉരുള്‍പൊട്ടി. ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. കൂട്ടിക്കല്‍ കൊടുങ്ങയിലും പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തും ഉരുള്‍പൊട്ടി. ഈരാറ്റുപേട്ട, കൂട്ടിക്കല്‍ ടൗണുകളില്‍ വെള്ളം കയറി. മുണ്ടക്കയം–എരുമേലി റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. എരുമേലി കൊരട്ടിയില്‍ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിച്ചു.
പത്തനംതിട്ട പമ്പയാറ്റില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. റാന്നി ടൗണിലെ കടകളില്‍ വെള്ളം കയറി. റാന്നി ടൗണ്‍ ഒറ്റപ്പെട്ടു. കോന്നി നെല്ലിക്കാപാറയിലും ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കാട്ടാറിലെ ജലനിരപ്പും ഉയര്‍ന്നു. സീതത്തോട് വീടുകളില്‍ വെള്ളം കയറി. തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടലെന്ന് സംശയം. തൂമ്പാക്കുളം ജംക്‌ഷനില്‍ ചെളിയും മരങ്ങളും അടിഞ്ഞ നിലയിലാണ്. പെരുനാട്, വടശേരിക്കര വീടുകളില്‍ വെള്ളം കയറി. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ വെള്ളം കയറി.ചെറുകോല്‍പ്പുഴ റോഡും മുങ്ങി.
എറണാകുളത്തും കനത്ത മഴയാണ്. കോതമംഗലം പൂയംകുട്ടിപ്പുഴ കരകവിഞ്ഞു. മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയില്‍. ഉരുളന്‍തണ്ണിയില്‍ അങ്കണവാടിയുടെ മതിലിടിഞ്ഞു. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെയും, നെയ്യാര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി.
അതേസമയം, സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ യെലോ അലര്‍ട്ടാണ്. അതേസമയം, എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.